X

ഒരു പാര്‍ട്ടിയിലും ചേരില്ല; ബി.ജെ.പിയുടെ പതനം ലക്ഷ്യം ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആദര പൂര്‍വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു പാര്‍ട്ടിയിലും ചേരേണ്ടതില്ലെന്നാണ് തന്റെ പക്ഷം. 17 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം തങ്ങള്‍ പാര്‍ട്ടികള്‍ക്കു മുന്നില്‍ വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂലമായാണ് പ്രതികരിച്ചത്. അതിനാല്‍ പിന്തുണ കാര്യത്തില്‍ തങ്ങളുടെ ഉറച്ച നിലപാട് താമസിയാതെ ഉണ്ടാകും. പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും പിന്നാക്കം പോകില്ലെന്നും ദളിത് നേതാവ് വ്യക്തമാക്കി. ബി.ജെ.പിയുടെ ദളിത് വിരുദ്ധ നയം വ്യക്തമാണ്. അവര്‍ സംസാരിക്കാന്‍ പോലും തയാറല്ല, ഉനയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ദളിതുകളുടെ കുടുംബത്തിന് ഭൂമിയും ജോലിയും നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. താനഗഡില്‍ ദളിതുകള്‍ക്കെതിരായ വെടിവെപ്പ് നടന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ പാര്‍ട്ടിയില്‍ ചേരില്ലെന്ന് മേവാനി വ്യക്തമാക്കിയത്. അതേ സമയം ഗുജറാത്തിലെ മറ്റൊരു യുവ നേതാവിനെ കൂടി കൂടെ നിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ജന്‍ അധികാര്‍ മഞ്ച് നേതാവും 27കാരനുമായ പ്രവീണ്‍ റാമുമായി സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കിയും അശോക് ഗെലോട്ടും കൂടിക്കാഴ്ച നടത്തി. പ്രവീണ്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമര രംഗത്തുള്ള പ്രവീണ്‍ റാമിനെ കൂടെ നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 4.5 ലക്ഷം വരുന്ന യുവ ജീവനക്കാരുടേയും 10 ലക്ഷത്തോളം വരുന്ന കരാര്‍ ജീവനക്കാരുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.

chandrika: