വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം മെയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും. 2017ല്‍ പോര്‍ച്യുഗല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഇന്ത്യയിലും ബംഗ്ലാദേശിലുമെത്തുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ ഇതുവരെ പോപ്പിനെ ഔദ്യോഗികമായി ക്ഷിണിച്ചിട്ടില്ല. സന്ദര്‍ശനം സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് സ്ഥിരീകരണമുണ്ടായതോടെ പോപ്പിനെ ക്ഷണിക്കുന്നതിന് രാജ്യത്തെ കത്തോലിക്കാസഭാ നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കി. ആര്‍എസ്എസിന്റെ അതൃപ്തിയാണ് പോപ്പിന്റെ സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ വൈകുന്നത്.
പോപ്പിന്റെ പോര്‍ച്യുഗല്‍ ദേവാലയ സന്ദര്‍ശനം മെയ് 13നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ ഇന്ത്യയിലെത്തുമെന്നാണ് സൂചന. കാലാവസ്ഥ, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് രാജ്യത്തെ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് പോപ്പിന്റെ സന്ദര്‍ശനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതിക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനിടെയാണ് രാജ്യത്ത് രാഷ്ട്രീയ മാറ്റമുണ്ടായത്.