ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഇടം നേടിയ പ്രഭാസിന്റെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍പ്രമുഖ വ്യവസായിയുടെ പേരക്കുട്ടിയെ പ്രഭാസ് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത. റാസി സിമന്റസ് ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. വിവാഹക്കാര്യം ഇരുകുടുംബങ്ങളും തമ്മില്‍ സംസാരിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രഭാസ് പ്രതികരിച്ചിട്ടില്ല. നേരത്തെ തെലുങ്ക് നടിയെ പ്രഭാസ് വിവാഹം കഴിക്കാന്‍ പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണംരാജ് ഇക്കാര്യം നിരസിച്ചിരുന്നു. ഇതിനു പിന്നാലെ ബാഹുബലി നായിക അനുഷ്‌കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ ഉയര്‍ന്നെങ്കിലും അനുഷ്‌ക ഇക്കാര്യം നിഷേധിച്ചു. ബാഹുബലി ദ ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രദ്ധ പൂര്‍ണമായും ബാഹുബലിയില്‍ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞുമാറുകയായിരുന്നു. ബാഹുബലി പൂര്‍ത്തിയായതോടെ പ്രഭാസിനെ വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.