ഫേസ്ബുക്കില്‍ മമ്മുട്ടിയേയും ദുല്‍ഖറിനേയും പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി രംഗത്ത്. ഫേസ്ബുക്കില്‍ തന്നെയാണ് നടന്‍ പോസ്റ്റിന് വിശദീകരണം നല്‍കിയിരിക്കുന്നത്.

താന്‍ മമ്മുട്ടിയുടെ ആരാധകനാണെന്നും, മമ്മുട്ടി അഭിനയിച്ച അമരം, പ്രാഞ്ചിയേട്ടന്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും പ്രതാപ് പോത്തന്‍ പറയുന്നു. ദുല്‍ഖറിന്റെ ചാര്‍ലിയും നീലാകാശം പച്ചക്കടലും കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ദുല്‍ഖറും മികച്ച നടന്‍ തന്നെയാണ്. എന്നാല്‍ ഇവരെ ഇഷ്ടപ്പെടണമെന്ന് ആരാധകര്‍ തന്നോട് പറയേണ്ട കാര്യമില്ലെന്ന് പ്രതാപ് പോത്തന്‍ തുറന്നടിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് മാറിനില്‍ക്കാം. തനിക്ക് മമ്മുട്ടിയേയോ, ദുല്‍ഖറിനേയോ തന്റെ ചിത്രത്തില്‍ ആവശ്യമില്ല. ആരാധകര്‍ കുറച്ചുകൂടി വിവരം കാണിക്കണമെന്നും തന്നേയും തന്റെ മകളേയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടവര്‍ കുറച്ചുകൂടി സംസ്‌ക്കാരത്തോടെ പെരുമാറിയാല്‍ കൊള്ളാമെന്നും പ്രതാപ് പോത്തന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
നേരത്തെ മമ്മുട്ടിയേയും ദുല്‍ഖറിനേയും പറ്റി ഫേസ്ബുക്കിലിട്ട പോസ്റ്റിന് മമ്മുട്ടി-ദുല്‍ഖര്‍ ആരാധകര്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. വളരെ മോശമായ രീതിയില്‍ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനങ്ങളെത്തിയപ്പോഴാണ് അതിന് വീണ്ടും മറുപടിയുമായി പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുന്നത്.