ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ദളിത് സ്ഥാനാര്‍ഥിയെ ദളിത് കാര്‍ഡ് കൊണ്ട് തന്നെ നേരിടുക എന്ന ഉദ്ദേശത്തോടെ ദളിത് സ്ഥാനാര്‍ത്ഥിയുമായി എത്തിയ പ്രതിപക്ഷത്തിന് പിന്തുണ കൂടുന്നു. മുന്‍ ലോക്സഭ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടതോടെ പിന്തുണയുമായി ബിഎസ്പി രംഗത്തെത്തി. ബി.എസ്.പി നേതാവ് മായാവതി മീരാകുമാറിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.

നിലവില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ മീരാകുമാറിനെ പ്രഖ്യാപിച്ചത്. എന്‍ഡിഎ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ മുന്നോട്ടുവെച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു ദളിത് സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന ദളിത് നേതാവും, ആദ്യ വനിത ലോക്സഭ സ്പീക്കറുമായ മീരാകുമാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രകാശ് അംബേദ്കര്‍ തുടങ്ങിയ നേതാക്കളുടെ പേരുകളെ മറികടന്നാണ് മീരകുമാര്‍ സ്ഥാനാര്‍ഥിയായത്.


അതേസമയം ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി. ഇന്ന് രാവിലെ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് യാദവ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ മീരാ കുമാറിനെ പ്രഖ്യാപിച്ചതോടെ എന്‍.സി.പി പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു.
പ്രതിപക്ഷപാര്‍ട്ടികള്‍ ഐക്യകണ്ഡേനെയാണ് മീരാകുമാറിനെ തെരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

kk3

മുന്‍ ഉപപ്രധാനമന്ത്രി ജഗജീവന്‍ റാമിന്റെ മകള്‍, ബീഹാര്‍ സ്വദേശി, ദളിത് എന്നീ പ്രത്യേകതകളാണ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ കാരണമായത്. ദളിത് നേതാവായ മായാവതിയെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പിച്ച് കൊണ്ടായിരുന്നു മീരാകുമാറിന്റെ ജനാധാപത്യ രാഷട്രീയത്തലേക്കുള്ള അരങ്ങേറ്റം. 1985ല്‍ ഉത്തര്‍ പ്രദേശിലെ ബിജ്നോറില്‍ നിന്നാണ് മീരാകുമാര്‍ ആദ്യമായി ലോക്സഭയിലെത്തിത്. അഞ്ച് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മീരാകുമാര്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 15ാം ലോക്സഭയില്‍ കേന്ദ്രമന്ത്രിയായി അധികാരമേറ്റിരുന്നെങ്കിലും ക്യാബിനറ്റ് മന്ത്രി സ്ഥാനം രാജിവെച്ചാണ് മീരാകുമാര്‍ ആദ്യ വനിത ലോക്സഭ നേതാവായത്.