ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ പെരുമാറ്റ രീതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മോദിയുടെ പെരുമാറ്റം പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രധാനമന്ത്രിയെ താക്കീത് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കത്ത്്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ മോദി പ്രസംഗിച്ചിരുന്നു. സോണിയക്കെതിരെ പ്രധാനമന്ത്രിയുടെ ഇറ്റലി പരാമര്‍ശം വലിയ വിവാദമായി. കൂടാതെ സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ് ജയിലിലായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളാരും സന്ദര്‍ശിച്ചില്ലെന്നും മോദി പ്രചരണത്തിനിടെ പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ ജയിലില്‍ ഭഗവത് സിങിനെ സന്ദര്‍ശിച്ച വസ്തുത നിലനില്‍ക്കെയാണ് മോദിയുടെ നുണ പ്രചരണം.

ഇതിനു മുമ്പും ഇത്തരം നുണകള്‍ തെരഞ്ഞടുപ്പു പ്രചാരണവേളയില്‍ മോദി നടത്തിയിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാകിസ്താനുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി തുടങ്ങി വലിയ ആരോപണങ്ങളാണ്് മോദി നടത്തിയത്.

ഭാവിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും മറ്റുപാര്‍ട്ടി നേതാക്കള്‍ക്കെതിരേയും വ്യക്തിപരമായി വിദ്വേഷവും അധിക്ഷേപവും അടങ്ങുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ വിലക്കണമെന്നും മന്‍മോഹന്‍ സിങിന്റെ കത്തില്‍ പറയുന്നു.