Film

നടിപ്പ് തുടരും; കളങ്കാവലില്‍ മമ്മുട്ടിയുടെ അതിഗംഭീര വില്ലനിസം

By webdesk18

December 05, 2025

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ആരാധകരില്‍ ആവേശത്തിരയിളക്കി മമ്മൂട്ടി ചിത്രം കളങ്കാവല്‍. ഉള്ളിലെ വിഷം എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയാത്ത, വിചിത്രവും സങ്കീര്‍ണ്ണവുമായ മാനസികഘടനയുള്ള ഒരു സൈക്കോപാത്തിന്റെ കഥയാണ് കളങ്കാവല്‍.

ജിതിന്‍ കെ ജോസ് കഥയും സംവിധാനവും കൈകാര്യം ചെയ്ത മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കളങ്കാവല്‍.

കഥയുടെ മുഖ്യരേഖ പ്രവചിക്കാവുന്നതായിരുന്നുവെങ്കിലും, ചിത്രം കൈവരിക്കുന്ന വ്യത്യസ്തമായ ടോണ്‍, വളരെ സൂക്ഷ്മമായി സെറ്റ് ചെയ്ത നറേറ്റീവ് രീതികള്‍ എന്നിവ കൊണ്ട് കളങ്കാവലിനെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നാക്കി ഉയര്‍ത്തും എന്നതില്‍ സംശയമില്ല.

ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന് സംവിധായകനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

പല കാലങ്ങളായി പല സ്ഥലങ്ങളില്‍ നടന്ന, സമൂഹത്തെ വിറപ്പിച്ച ചില സംഭവങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണ് ഈ ചിത്രം പറയുന്നത്. അതിനാല്‍ ഒരു വ്യക്തിയുടെയോ ദേശത്തിന്റെയോ കഥയായി ചിത്രത്തെ കണക്കാക്കാന്‍ കഴിയില്ലെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു.

കളങ്കാവല്‍-എന്ന ടൈറ്റിലില്‍ത്തന്നെ മിത്തും യാഥാര്‍ഥ്യവുമുണ്ട്. രൗദ്രസ്വഭാവമുള്ള പ്രതിഷ്ഠകളെ ആവാഹിക്കുന്ന തെക്കന്‍ തിരുവിതാംകൂറിലെ ഉത്സവച്ചടങ്ങാണ് കളങ്കാവല്‍. കളത്തില്‍ ദേവി, അസുരരെ തിരഞ്ഞുപിടിച്ച് നിഗ്രഹിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണിത്, തിന്മയുടെമേല്‍ നന്മയുടെ പോരാട്ടം. ഇതെല്ലാം ചിത്രത്തിലും ലയിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ദേവാസുരന്മാര്‍ ആരൊക്കെ എന്നത് തിയേറ്ററില്‍മാത്രം ചുരുളഴിയുന്ന സസ്‌പെന്‍സായിട്ടാണ് ചിത്രത്തിന്റെ ശില്പികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രതിനായക ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ”കഥാപാത്രം നെഗറ്റീവോ പോസിറ്റീവോ എന്നത് സിനിമയ്ക്കുമാത്രമേ പറയാന്‍ കഴിയൂ. നെഗറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ എഴുതിവെച്ചതിനെക്കാള്‍ ഞെട്ടിക്കുന്ന പ്രകടനവുമായാണ് മമ്മൂക്കയും വിനായകനും സ്‌ക്രീനില്‍ എത്തുക. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു” -സംവിധായകന്‍ ജിതിന്‍ കെ. ജോസ് പറയുന്നു.

താരപ്രഭയ്ക്കുമപ്പുറം നടനെന്ന നിലയില്‍ തന്റെ ഇമേജ് പുതുക്കാനുള്ള മമ്മൂട്ടിയുടെ തീവ്രമായ ശ്രമം ഈ ചിത്രത്തിലും കാണാം. രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളെ ആവാഹിച്ച് പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ആ നടന്റെ അടങ്ങാത്ത ആഗ്രഹമാണ് ഇത്തരം പുതുമകള്‍ക്ക് മാറ്റുകൂട്ടുന്നത്. മാറ്റങ്ങള്‍ എന്തൊക്കെയായാലും അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരും ഇവിടെയുണ്ട്. സംസ്ഥാന പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരം നേടിയ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ വെല്ലുന്ന പ്രകടനമാണ് കളങ്കാവലിലൂടെ പ്രേഷകര്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്.

അതുക്കൊണ്ടൊക്കെ തന്നെയാണ് കളങ്കാവല്‍ ആഗോള അഡ്വന്‍സ് കളക്ഷനില്‍ കോടികള്‍ നേടിയതും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്സ് – എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓര്‍ഡിനേറ്റര്‍ – ഡിക്സന്‍ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരുമാണ്.