ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ചിലര്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, സത്യസന്ധരായ ഇന്ത്യന്‍ പൗരന്മാര്‍ ഭയപ്പെടേണ്ടതില്ലെന്നും ഒരു ഇന്ത്യന്‍ പൗരനും പട്ടികയില്‍ നിന്നും പുറത്താവില്ലെന്നും മോദി പറഞ്ഞു. അസമിലെ സില്‍ചറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൗരത്വ പട്ടികയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പാര്‍ലമെന്റില്‍ ബില്‍ ഉടന്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ ഉള്‍പ്പെടുത്താനുള്ള അവസാനഘട്ട നടപടിക്രമങ്ങളും കഴിഞ്ഞ സമയത്താണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഡിസംബര്‍ 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 40 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നത്. ഇതില്‍ 30 ലക്ഷം പേര്‍ വീണ്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.