ശരീഫ് കരിപ്പൊടി
കാസര്‍കോട്

ക്ലാസ് കയറ്റവുമായി ബന്ധപ്പെട്ട് ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക. കോവിഡ് സാഹചര്യത്തില്‍ ക്ലാസ്‌റൂം അധ്യയനം നടക്കാതെ പോയതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഡിജിറ്റല്‍ പഠനപ്രവര്‍ത്തനങ്ങളില്‍ നിരന്തര വിലയിരുത്തലും വര്‍ഷാന്ത വിലയിരുത്തലും നടത്തി കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കി ക്ലാസ് കയറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. എന്നാല്‍ ഇതിനായി തയാറാക്കിയ പഠന മികവുരേഖ (ആക്ടിവിറ്റി കാര്‍ഡ്) വിതരണം ചെയ്യുക വഴി രോഗം പടരുമെന്ന ആശങ്കയാണ് ഉയരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് കുട്ടികളുടെ വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി മെയ് അവസാനത്തോടെ ക്ലാസ് പ്രൊമോഷന്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായത്. ബിആര്‍സികളില്‍നിന്ന് ലഭിക്കുന്ന പുസ്തകരൂപത്തിലുള്ള പഠനമികവുരേഖ ഏപ്രില്‍ 30നകം പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തത്തില്‍ വിദ്യാര്‍ഥികളിലെത്തിക്കാനാണ് ഉത്തരവില്‍ പറയുന്നത്. മെയ് പത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പഠനരേഖ വിദ്യാലയത്തില്‍ തിരിച്ചുവാങ്ങാനും ഓരോ സ്‌കൂളിലും ഓരേ വിഷയത്തിന്റെയും സബ്ജക്ട് കൗണ്‍സില്‍/ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് ചേര്‍ന്ന് വിലയിരുത്തി മെയ് 20നകം വര്‍ഷാന്ത വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ക്ലാസ് കയറ്റപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഏപ്രില്‍ 30നകം തന്നെ പിടിഎ യോഗം ചേര്‍ന്ന് രേഖ എല്ലാ കുട്ടികള്‍ക്കും ലഭിച്ചു എന്നു സ്‌കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തുകയും വേണം.

എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതു എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും അതുപോലെ രക്ഷിതാക്കള്‍ക്കും ആശങ്കയുയരുകയാണ്. പല കൈകളിലൂടെ ഈ രേഖകള്‍ കടന്നുപോവുന്നതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കുന്നതുമാണ് ആശങ്കയ്ക്ക് കാരണം. ബിആര്‍സികളില്‍ നിന്നും സ്‌കൂളിലെത്തിക്കുന്ന പഠനരേഖകള്‍ നിര്‍ദേശിച്ച തിയതിക്കം സ്‌കൂളില്‍ നിന്നും കലക്ട് ചെയ്യാന്‍ രക്ഷിതാക്കളെ അറിയിച്ചുകഴിഞ്ഞു. പൊതുപരീക്ഷകള്‍ നടക്കുന്നതിനാല്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമായിരിക്കും വിതരണം സാധ്യമാവുക. ഇങ്ങനെ വരുമ്പോള്‍ വലിയ രീതിയില്‍ സമ്പര്‍ക്ക സാധ്യതയെ ഭയപ്പെടുകയാണ് സ്‌കൂള്‍ അധികാരികളും രക്ഷിതാക്കളും.

കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പടെ പല ബിആര്‍സികളിലും രേഖകള്‍ പൂര്‍ണമായി എത്തിയിട്ടില്ല. എത്തുന്ന മുറയ്ക്ക് സ്‌കൂളിലെത്തിച്ച് വിതരണം ചെയ്യുമ്പോഴുള്ള സമ്പര്‍ക്കവും സ്‌കൂള്‍ അധികൃതരില്‍ ആശങ്കയുളവാക്കുന്നു. രേഖ കൈമാറുന്ന ഏതെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ഇത് കൈമാറിയെത്തുന്ന വലിയ ശതമാനം പേരിലേക്കും രോഗം പകരുമെന്നതാണ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഭീതി. എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ തന്നെ കോവിഡ് വ്യാപന ആശങ്കയിലായിരിക്കെ വലിയൊരു ശതമാനത്തെ സമ്പര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

എന്തുചെയ്യണമെന്നറിയാതെ
പ്രധാനാധ്യാപകര്‍

വര്‍ഷാന്ത വിലയിരുത്തലിനായി തയാറാക്കിയ ആക്ടിവിറ്റി മെറ്റീരിയല്‍സ് സ്‌കൂളിലെത്തുന്ന മുറയ്ക്ക് കോവിഡ് മുന്‍കരുതലോടെ വിതരണം ചെയ്യാനാണ് പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച നിര്‍ദേശം. പഠനമികവ് രേഖ മേയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകര്‍ സ്‌കോര്‍ നല്‍കുകയും ചെയ്യണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകര്‍. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. മൂവായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുണ്ട്. അധ്യാപകര്‍ പലരും എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിയിലായിരിക്കെ ഒരാഴ്ചക്കകം വിതരണം തലക്കുത്താകുമെന്നാണ് പ്രധാനാധ്യാപകര്‍ പറയുന്നത്. വിതരണത്തിനോ വിലയിരുത്തലിനോ ഇടയില്‍ ഒരാള്‍ക്ക് വൈറസ് ബാധിച്ചാല്‍ നിര്‍ത്തിവെക്കേണ്ടിവരും. ഒന്നു മുതല്‍ ഒമ്പതു വരെ കുട്ടികള്‍ക്ക് നേരത്തെ തന്നെ ക്ലാസുകയറ്റം പ്രഖ്യാപിച്ചിരിക്കെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത് പ്രഹസനമാണെന്നാണ് അധ്യാപകരുടെ പക്ഷം.