അമ്പാല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടു നിരോധന കാലത്ത് കറന്‍സി മാറ്റത്തിനായി ഏതെങ്കിലും ബി.ജെ.പി നേതാവിനെയോ ധനികനെയോ എവിടെയെങ്കിലും ക്യൂ നില്‍ക്കുന്നതായി ആരെങ്കിലും കണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഹരിയാനയിലെ അമ്പാലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം വീതം നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞെങ്കിലും ആര്‍ക്കെങ്കിലും ആ തുക കിട്ടിയോ എന്നും പ്രിയങ്ക പരിഹാസ രൂപേണ ചോദിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് രാജ്യത്ത് കണ്ടതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം അമേരിക്കയിലും ജപ്പാനിലും പോകാറുണ്ട്. പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കും. ചൈനയില്‍ പോയി പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും കെട്ടിപ്പിടിക്കും. എന്നാല്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അവര്‍ വരാറേയില്ല. ഇവിടത്തെ യുവാക്കളും സ്ത്രീകളും കര്‍ഷകരും എങ്ങനെ ജീവിക്കുന്നുവെന്ന് ചിന്തിക്കാറേയില്ല. ഇതാണു സത്യം-പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.