പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഒന്‍പതംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളിലായാണ് പ്രതിഷേധക്കാരെത്തിയത്.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. ശരണം വിളികളുമായി നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഇവര്‍ പോകുകയായിരുന്നു. നോട്ടീസില്‍ ഒപ്പുവെച്ചാല്‍ മാത്രമേ കയറ്റിവിടാനാകൂ, ദര്‍ശനം നടത്തി ആറുമണിക്കൂറിനകം മടങ്ങണം തുടങ്ങിയ നിബന്ധനകള്‍ പൊലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ നോട്ടീസില്‍ ഒപ്പുവെക്കാനും, കൈപ്പറ്റാനും ഇവര്‍ വിസമ്മതിച്ചു.

നോട്ടീസ് കൈപ്പറ്റില്ലെന്നും, നിരോധനാജ്ഞ ലംഘിക്കുന്നതായും അറിയിച്ച് ഇവര്‍ ശരണം വിളി തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ ഇലവുങ്കലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെരിനാട് സ്‌റ്റേഷനിലെത്തിച്ചു.