കണ്ണൂര്‍: സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക്. അധ്യാപകര്‍ ട്യൂഷന്‍ നടത്തുന്നുണ്ടോ എന്ന് പരിശോധിച്ച് എല്ലാമാസവും പ്രിന്‍സിപ്പല്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ പ്രധാന കോളജുകളിലെ അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്റുകള്‍ ഉണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

കണ്ണൂര്‍ പയ്യന്നൂരിലെ സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പില്‍ പങ്കാളിയായ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ബ്രണ്ണന്‍ കോളജിലെ അധ്യാപകനെതിരെ നടപടി. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ സ്ഥിരം സമിതി അധ്യക്ഷനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം സര്‍ക്കാര്‍ വനിതാ കോളജിലേക്ക് സ്ഥലം മാറ്റിയത്.

സ്വകാര്യ ട്യൂഷന്‍ പഠിപ്പിക്കുന്നതായുള്ള വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി ഗവ:ബ്രണ്ണന്‍ കോളേജിലെ രണ്ട് അധ്യാപകരേയും കണ്ണൂര്‍ വനിത കോളേജിലെ ഒരു അധ്യാപികയെയും ശിക്ഷാനടപടിയുടെ ഭാഗമായി കണ്ണൂരിന് പുറത്തുള്ള ജില്ലയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഇടതുപക്ഷ അധ്യാപക സംഘടന നേതാവായ കെടി ചന്ദ്രമോഹനനെതിരെയുള്ള നടപടി ഉന്നത സ്വാധീനത്താല്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സേവ് സര്‍വ്വകലാശാല ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.