X

മന്ത്രി ജലീലിനെതിരായ പ്രതിഷേധം; തിരൂരില്‍ പൊലീസ് അതിക്രമം, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് തിരൂരില്‍ യൂത്ത് ലീഗ്-എം.എസ്.എഫ് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ അടിച്ചൊതുക്കാനുള്ള പൊലിസ് നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് അതിക്രമത്തില്‍ നിരവധി യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.

ഇന്ന് രാവിലെ 10 മണിയോടെ തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ചരിത്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിയെത്തിയപ്പോളാണ് പ്രതിഷേധമുയര്‍ന്നത്. ശക്തമായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഹാളിനകത്തും പുറത്തും വന്‍ പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ഹാളിനകത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം തുടരുകയാണ്.

പൊലീസ് അതിക്രമത്തില്‍ തിരൂര്‍ മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി എം.പി മജീദ്, വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.പി റാഫി, മംഗലം പഞ്ചായത്ത് സെക്രട്ടറി അല്‍ത്താഫ് ഹുസൈന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മന്ത്രിയെ പുറത്തെത്തിക്കാനായത്.

ഇന്ന് രാവിലെ തിരൂര്‍ നഗരത്തിലും മന്ത്രിക്കെതിരെ യൂത്ത് ലിഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സര്‍വകലാശാ കവാടത്തില്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയും ചീമുട്ടയേറും ഉണ്ടായി. മന്ത്രിക്കെതിരായ പ്രതിഷേധം കനത്തതോടെ നൂറുകണക്കിന് പൊലീസുകാരെ ഇറക്കിയാണ് പരിപാടി പൂര്‍ത്തീകരിച്ചത്.

chandrika: