തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാര്‍ച്ചുകള്‍ നടത്തി. യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്.

പിണറായി വിജയന്റെ കോലവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തി. മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് യൂത്ത്‌കോണ്‍ഗ്രസ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

കൊല്ലം കളക്ട്രേറ്റിലേക്ക് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. തള്ളിക്കയറാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. കൊല്ലം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. കല്‍പ്പറ്റ നഗരത്തിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ പാതയില്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

അതേസമയം, തീപിടുത്തത്തില്‍ അന്വേഷണം തുടരുകയാണ്. തീപിടുത്തം ആസൂത്രണം ചെയ്തതാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ തീയണയ്ക്കാന്‍ വൈകിയതിലും ദുരൂഹത. ഒരു സ്‌റ്റേഷന്‍ ഓഫറീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്. ഈ നടപടിയാണിപ്പോള്‍ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായ ഉടന്‍ തീയണയ്ക്കാന്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാന്‍ പുറത്തുനിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്നാണ് പറയുന്ന വിശദീകരണം.

സെക്രട്ടേറയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്‌സ് വാഹനം ക്യാമ്പ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ തുടരുന്നത്.

തീപിടുത്തത്തില്‍ ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.