X

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യ; 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ അധ്യായം രചിച്ച് ഐഎസ്ആര്‍ഒ. 104 ഉപഗ്രങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-37 വിക്ഷേപണ റോക്കറ്റ് ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നു. നാലു ഘട്ടങ്ങളിലായി നടന്ന വിക്ഷേപണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഐസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ 9.28നായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണതറയില്‍ നിന്ന് സെക്കന്റുകള്‍ക്കകം 101 വിദേശ ഉപഗ്രഹങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങളെയും വിക്ഷേപണ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. ഭൗമ നിരീക്ഷണത്തിന് റിമോര്‍ട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2ഉം രണ്ട് ചെറിയ ഉപഗ്രഹങ്ങളുമാണ് ഇന്ത്യ വിക്ഷേപിച്ചത്.

അമേരിക്കയുടെ 96 ഉപഗ്രഹങ്ങളും ഇസ്രാഈല്‍, നെതര്‍ലാന്‍ഡ്‌സ്, യുഎഇ, കസാക്കിസ്താന്‍ എന്നിവിടങ്ങളിലെ സര്‍വകലാശാല ഉപഗ്രഹങ്ങളും സ്വിറ്റ്‌സര്‍ലാന്റിലെ സ്‌പെയ്‌സ്ഫാര്‍മയുടെ ഗവേഷണ ഉപഗ്രഹവും ദൗത്യത്തിലുണ്ട്. എല്ലാ ഉപഗ്രഹങ്ങള്‍ക്കും കൂടി 1378 കിലഗ്രാമാണ് ഭാരം. 2014ല്‍ ഒറ്റദൗത്യത്തില്‍ 37 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച റഷ്യയുടെ റെക്കോര്‍ഡ് ഭേദിച്ചാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. യു.എസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസക്കു പോലും 29 ഉപഗ്രഹങ്ങളാണ് ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കാനായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് 20 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ഒറ്റ തവണയില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെക്കുന്ന ദൗത്യത്തിന് ഐഎസ്ആര്‍ഒ തുടക്കം കുറിച്ചത്. ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്നാണ് 2016 ഡിസംബര്‍ 26ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15ലേക്ക് മാറ്റിയത്.

chandrika: