X
    Categories: Culture

വന്‍ ശക്തി പോര് മുറുകുന്നു; ഫ്രഞ്ച് സന്ദര്‍ശനം പുടിന്‍ റദ്ദാക്കി

പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍ ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന്‍ പങ്കെടുക്കില്ലെന്ന് ക്രെംലിന്‍ അറിയിച്ചു. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വാ ഹൊളാന്ദിന് സൗകര്യപ്രദമായ സമയം വരുമ്പോള്‍ അദ്ദേഹത്തെ കാണുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

എന്നാല്‍ സമാധാനത്തിനുവേണ്ടി പുടിനെ ഏതു സമയം കാണാനും താന്‍ തയാറാണെന്ന് ഹൊളാന്ദ് വ്യക്തമാക്കി. ചര്‍ച്ചയില്‍ സിറിയന്‍ ആഭ്യന്തരയുദ്ധം വിഷയമാക്കണമെന്ന് ഫ്രാന്‍സ് നിര്‍ബന്ധം പിടിച്ചതാണ് സന്ദര്‍ശനം റദ്ദാക്കാന്‍ പുടിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ പ്രശ്‌നത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ്. അലപ്പോയില്‍ റഷ്യ നടത്തുന്ന യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് അമേരിക്കയും ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്.

റഷ്യയുടെ പിന്തുണയോടെ സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദ് അലപ്പോയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തുകയാണെന്ന് ഹൊളാന്ദ് ആരോപിച്ചിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരെല്ലാം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അടക്കമുള്ള വേദികളില്‍ അതിന് വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലപ്പോയിലെ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു. വെടിനിത്തല്‍ പുനരാരംഭിക്കണമെന്നും ഉപരോധത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യങ്ങള്‍. ചൈനയും ഈജിപ്തും വെനസ്വേലയും റഷ്യയെ അനുകൂലിക്കുകയാണുണ്ടായത്.

chandrika: