ദോഹ: ഏതാനും ആഴ്ചകളായി ഖത്തറിന്റെ തൊഴില്‍ ഇമിഗ്രേഷന്‍ റെഗുലേറ്ററി ചട്ടക്കൂടുകളില്‍ ഒരുപാട് മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുന്നത്. വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഭേദഗതി വരുത്തിയ നിയമങ്ങളില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ;

* തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവില്‍ അവര്‍ പ്രാപ്തയല്ലെന്ന് ബോധ്യപ്പെട്ടാല്‍ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടാകും. തൊഴിലാളിക്ക് നിര്‍ബന്ധമായും ഇതു സംബന്ധിച്ച് രേഖാമൂലമുള്ള എഴുത്ത് നല്‍കണം. നോട്ടീസ് കാലയളവ് മൂന്നു ദിവസത്തില്‍ നിന്ന് ഒരു മാസമാക്കി വര്‍ധിപ്പിച്ചു

* നോട്ടീസ് കാലയളവില്‍ തൊഴിലാളി നോട്ടീസ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഖത്തര്‍ വിട്ടാല്‍ രാജ്യം വിട്ട അന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തും

* ആദ്യ രണ്ടു വര്‍ഷത്തില്‍ തൊഴിലില്‍ നിന്ന് പിരിച്ചുവിടാന്‍ ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം. സര്‍വീസില്‍ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ രണ്ടു മാസമാണ് നോട്ടീസ് കാലാവധി. നോട്ടീസ് മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം ഒടുക്കേണ്ടി വരും. അനുമതിയില്ലാതെ രാജ്യം വിട്ടാല്‍ വിലക്കു വരും.

* തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ഉടമകള്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ രണ്ടായിരം മുതല്‍ ഒരു ലക്ഷം വരെ റിയാല്‍ പിഴ ഒടുക്കേണ്ടി വരും. ജയില്‍ ശിക്ഷയും അനുഭവിക്കണം.

* തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചു. രണ്ടായിരം മുതല്‍ ഒരു ലക്ഷം ഖത്തറി റിയാലാണ് പിഴ. ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും.

* രാജ്യത്തെ മിനിമം പ്രതിമാസ നിര്‍ബന്ധിത വേതനം ആയിരം ഖത്തറി റിയാലാക്കി. എല്ലാ തരത്തിലുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നിയമം ബാധകമാണ്. വേതനത്തിന് പുറമേ, താമസത്തിനായുള്ള പ്രതിമാസ അലവന്‍സ് അഞ്ഞൂറ് റിയാലാക്കി നിജപ്പെടുത്തി. ഭക്ഷണത്തിനായുള്ള അലവന്‍സ് 300 റിയാല്‍.

* തൊഴിലാളികള്‍ക്ക് നിലവിലുള്ള തൊഴില്‍ മാറി പുതിയവ തെരഞ്ഞെടുക്കാന്‍ തൊഴിലുടമയില്‍നിന്ന് നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ആവശ്യമില്ല. എന്നാല്‍ തൊഴില്‍ നിയമ പ്രകാരമുള്ള നോട്ടീസ് നിബന്ധനകള്‍ പ്രകാരമാകണം തൊഴില്‍ മാറ്റം.