ദുബൈ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുമ്പോഴും ദുബൈയിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാക്കില്ലെന്ന് അറിയിച്ച് ഖത്തര്‍. ഖത്തര്‍ പെട്രോളിയം വിതരണ ചീഫ് എക്‌സിക്യൂട്ടീവ് സാദ് ഷെരീദ അല്‍ കാബി അല്‍ജസീറക്കു നല്‍കിയ അഭിമുഖത്തിലാണ് വാതകവിതരണവുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

വാതകവിതരണവുമായി ബന്ധപ്പെട്ട് ശക്തമായ ഒരു കരാറാണ് നിലനില്‍ക്കുന്നത്. ഓരോ ദിവസവും 200 കോടി ചതുരശ്ര അടിയാണ് വാതകവിതരണം നടത്തുന്നത്. ഇത് നിര്‍ത്തലാക്കില്ല. വിതരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം മൂലം വേണമെങ്കില്‍ വിതരണം പിന്‍വലിക്കാം. ഞങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ അത് ദുബൈയ് എന്ന രാജ്യത്തിന്, അവിടത്തെ സഹോദരന്‍മാര്‍ക്ക് വലിയൊരു ഉപദ്രവം ആയിരിക്കും. അതുകൊണ്ട് ഞങ്ങള്‍ വിതരണം നിര്‍ത്തലാക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു’ -സാദ് ഷെരീദ അല്‍ കാബി പറഞ്ഞു.

വാതകവിതരണം നിര്‍ത്തുകയാണെങ്കില്‍ യു.എ.ഇയെ പ്രതികൂലമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ പറഞ്ഞിരുന്നു. ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച സാഹചര്യത്തില്‍ വാതകവിതരണം തുടര്‍ന്നും ഉണ്ടാകുന്നതിന് സാധ്യതയില്ലെന്നാണ് കഴിഞ്ഞ ദിവസം ഷാര്‍ജയിലെ നാഷ്ണന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ വിതരണം തുടരുമെന്ന നിലപാടിലാണ് ഖത്തര്‍.

സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിന് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഉപേക്ഷിച്ചിരുന്നു. തീവ്രവാദത്തിന് ഖത്തര്‍ പിന്തുണക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.