വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് തീരത്ത് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. തീരത്തടിഞ്ഞ തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തെക്കന്‍ ദ്വീപിലെ ഫെയര്‍വൈല്‍ സ്പ്ലിറ്റിലാണ് 400 ലേറെ തിമിംഗലങ്ങള്‍ ഒഴുകിയെത്തിയത്. ഇതില്‍ 300 ഓളം ചത്തു. ബാക്കിയുള്ളവയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സമീപവാസികളും കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുമടക്കും നൂറുകണക്കിന് ആളുകള്‍ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള പരിശ്രമത്തിലാണ്. വ്യാഴാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞതെന്ന് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എന്നാല്‍ രാത്രിയിലെ രക്ഷാപ്രവര്‍ത്തനം അപകടമാണെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇന്നലെ രാവിലെയാണ് ആരംഭിച്ചത്.

_94250503_c1ca9e9d-cc7d-4e92-9ce5-040cb44939ba

416 തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. ജീവനുള്ള തിമിംഗലങ്ങള്‍ക്ക് തണുപ്പ് നല്‍കിയും മനുഷ്യചങ്ങല തീര്‍ത്ത് വെള്ളത്തിലേക്ക് തള്ളിയിറക്കിയുമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ന്യൂസിലന്‍ഡില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ തീരത്തടഞ്ഞ സംഭവം ഇതാണെന്ന് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റീജിയണല്‍ മാനേജര്‍ ആന്‍ഡ്രൂ ലാംസണ്‍ അറിയിച്ചു. 2015 ഫെബ്രുവരിയില്‍ 200 ഓളം തിമിംഗലങ്ങള്‍ തീരത്തടിയുകയും പകുതിയോളം മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.