പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് വിളിച്ചറിയിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി. പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം ചൂടിയത്. സ്‌കോര്‍: 6-4, 6-3, 6-2. ഈ കിരീട നേട്ടത്തോടെ നദാല്‍ ഒരു ഗ്രാന്‍സ്ലാമില്‍ ഏറ്റവുമധികം കിരീടം നേടുന്ന താരമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.

നദാലിന്റെ 24-ാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. ഇതുള്‍പ്പെടെ 17 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് നദാല്‍ ഇതുവരെ സ്വന്തമാക്കിയത്. ഡൊമനിക് തീമിന്റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. ഇറ്റലിയുടെ മാര്‍ക്കോ സെച്ചിനാറ്റോയെ മറികടന്നാണ് ഡൊമനിക് തീം ഫൈനലിലെത്തിയത്.