ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. അഴിമതിക്കാരനാണെന്ന പരാമര്‍ശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജീവ് ഗാന്ധിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് നരേന്ദ്ര മോദിക്ക് സത്യത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയുംപ്രതികരിച്ചു.

ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. എന്നാല്‍ സ്വന്തം അഴിമതിക്കറ അച്ഛന്റെ പേരില്‍ ചാര്‍ത്തിയുള്ള മോദിയുടെ രക്ഷപ്പെടല്‍ ഫലം കാണില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

യുദ്ധം അവസാനിച്ചെന്നും മോദിയുടെ കര്‍മ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോദിക്ക് സ്‌നേഹവും ആലിംഗനവും നല്‍കുന്നുവെന്ന് പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിച്ചത്.