ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പാസാക്കുന്നതിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കേന്ദ്രം ജനാധിപത്യത്തിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ജനാധിപത്യത്തിന്റെ വായടപ്പിക്കല്‍ തുടരുന്നു. ആദ്യം നിശബ്ദമായിരിക്കുകയും പിന്നീട് എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കറുത്ത നിയമങ്ങളെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കകളുടെ നേര്‍ക്ക് കണ്ണടക്കുകയും ചെയ്യുന്നു. ഈ സര്‍വജ്ഞ സര്‍ക്കാറിന്റെ അനന്തമായ ധാര്‍ഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം കൊണ്ടുവന്നു’-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഞായറാഴ്ച രാജ്യസഭ കര്‍ഷക ബില്‍ പാസാക്കിയത്. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം പാര്‍ലമെന്ററി ചട്ടങ്ങള്‍ വിരുദ്ധമാണെന്നാരോപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് എട്ട് എംപിമാരെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിട്ടുപോവാന്‍ തയ്യാറാവാത്തതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.