ന്യൂഡല്‍ഹി: സെല്‍ഫ് പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി. സെല്‍ഫ് പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്തി താങ്കളാണ് ആദ്യം മാതൃക കാണിക്കേണ്ടതെന്നാണ് രാഹുല്‍ ഗാന്ധി മോഡിയുടെ ആഹ്വാനത്തിനെ എതിരിട്ടത്.

‘സമൂഹത്തിന്റെ പൊതുനന്മക്ക് വേണ്ടി ഉപയോഗിക്കണം. സമൂഹമാധ്യമങ്ങളെ സെല്‍ഫ് പ്രമോഷനുവേണ്ടി ഉപയോഗിക്കുകയല്ല വേണ്ടത്. പോളിയോ വാക്‌സിനേഷന്റെ ദിവസം അറിയിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതാണ്. അല്ലാതെ രണ്ട് തുള്ളി പോളിയോ മരുന്ന് കൊടുക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ട് നാടുമുഴുവന്‍ അതുപയോഗിച്ച് പ്രചരണം നടത്തുന്നത് ശരിയല്ല’ – പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

പതിനൊന്നാമത് സിവില്‍ സര്‍വ്വീസ് വാര്‍ഷിക ദിന ആഘോഷത്തില്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദമുയര്‍ത്തിയ പ്രസ്താവന മോഡി നടത്തിയത്.