ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തില്‍ മോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്ന റാഫേല്‍ അഴിമിതിയെ തുറന്നുക്കാട്ടിയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. മോദി കുംഭകോണം സൂക്ഷിക്കുക, അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് തുറന്നടിച്ചായിരുന്നു ട്വിറ്ററിലൂ
ടെ രാഹുലിന്റെ പ്രതികരണം.

‘മോദി കുംഭകോണം ജാഗ്രതെ’ എന്ന ആമുഖത്തോടെയാണ് രാഹുലിന്റെ ട്വീറ്റ്. 15 ബില്യണ്‍ ഡോളറിന്റെ പോര്‍വിമാനങ്ങളുടെ കരാര്‍ റീടെന്‍ഡര്‍ ചെയ്തിരിക്കുന്നു. കൗശലക്കാരായ പങ്കാളിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍. റാഫേല്‍ ഇടപാടില്‍ ഫ്രാന്‍സുമായുള്ള ബൈ,ബൈയില്‍ പൊതുഖജനാവിന് നഷ്ടമായത് 40,000 കോടിയാണ്. ഇടപാട് ഇനിയും റീടെന്‍ഡര്‍ ചെയ്ത് പ്രധാനമന്ത്രി സുഹൃത്തുക്കളെ സഹായിക്കും, രാഹുല്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കരാര്‍ സംബന്ധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

വ്യോമസേനയ്ക്കായി 110 പോര്‍ വിമാനങ്ങള്‍ക്കായി 15 ബില്യണ്‍ ഡോളറിന്റെ(ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ) പുതിയ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാനക്കരാറാണിത്. ബോയിംഗ്, ലോക്ഹീഡ് മാര്‍ട്ടിന്‍, സാബ്, ദസോള്‍ട്ട് ഏവിയേഷന്‍ എന്നിവരാണ് സര്‍ക്കാരിന്റെ പരിഗണനയിലുളളത്. അതേസമയം ഇന്ത്യയില്‍ തന്നെ വിമാനങ്ങളുടെ 85 ശതമാനവും നിര്‍മ്മിക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ മേയ്ക് ഇന്‍ ഇന്ത്യ പ്രചാരണത്തിന്് ശക്തിയേകുന്നതിന്റെ ഭാഗമായാണിത്.