ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്ന് ലിംഗായത്ത് വനിതാ ദര്‍ശക മഹാദേവി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുകയാണെന്നും മഹാദേവി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കാന്‍ തയ്യാറാണെങ്കില്‍ വരുന്ന ബാസവ (ഏപ്രില്‍ 19) ജയന്തി മുമ്പ് അതു പ്രഖ്യാപിക്കണമെന്നും മഹാദേവി കൂട്ടിച്ചേര്‍ത്തു.

224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ നൂറു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് ലിംഗായത് സമുദായം. കണക്കു പരിശോധിച്ചാല്‍ മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും അമ്പത് ശതമാനം എം.എല്‍.എമാരും ഈ സമുദായത്തില്‍പ്പെട്ടവരാണ്.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി അനുവദിച്ചിരുന്നു.എന്നാല്‍ ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍കൂടി അംഗീകരിക്കേണ്ടതുണ്ട്. അതേസമയം ഈ തീരുമാനം അംഗീകരിച്ചാല്‍ മറ്റ് ജാതി വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പും ബി.ജെ.പി നേരിടേണ്ടി വരും. ലിംഗായത്ത് സമുദായത്തെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനത്തിന്റെ രാഷ്ട്രീയ ഗുണം കോണ്‍ഗ്രസ് കൊണ്ടുപോവുകയും ചെയ്യും. ഈ പ്രതിസന്ധി കര്‍ണാടകയില്‍ ബി.ജെ.പി എങ്ങനെ മറികടക്കുമെന്ന് കണ്ടറിയേണ്ടിവരും.

ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കിയ സിദ്ധരാമയ്യ സര്‍ക്കാരിന്റെ വിപ്ലവകരമായ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ചിത്രദുര്‍ഗ മുരുകരാജേന്ദ്ര മഠത്തിലെ ശിവമൂര്‍ത്തി മുരുക ശരണഗുരു സ്വാമി അമിത് ഷായ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ അമിത് ഷാക്ക് ആയിരുന്നില്ല. ലിംഗായത്ത് സമുദയാത്തിന്റെ പിന്തുണ കോണ്‍ഗ്രസിനും സിദ്ധരാമയ്യക്കും കര്‍ണാടകയില്‍ ഭരണ തുടര്‍ച്ചക്ക് വഴിയൊരുക്കുമെന്നാണ് നിഗമനം.