ന്യൂഡല്‍ഹി: ദേശീയതലത്തില്‍ വ്യാപകമാകുന്ന മീടു ക്യാമ്പയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാറ്റത്തിനു വേണ്ടി സത്യം വിളിച്ചുപറയേണ്ടത് അത്യാവശ്യമാണെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കണം. അതിനായി ഇത്തരം വെളിപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. സത്യം വിളിച്ചുപറയാനായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്, രാഹുല്‍ഗാന്ധി പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്ന മീടൂ കാമ്പയിന്‍ ഇന്ത്യയിലെ കലാസാംസ്‌കാരിക സാമൂഹിക രംഗത്തെ സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലക്കാണ് മീടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ കാമ്പയിന്‍ ആരംഭിച്ചത്. കേരളത്തിലും മീടൂ ആരോപണം ഉയര്‍ന്നിരുന്നു. നടനും എംഎല്‍എയുമായ മുകേഷിനെതിരെയും ഗായകന്‍ ഗോപി സുന്ദറിനെതിരെയുമാണ് ആരോപണം ഉയര്‍ന്നത്.