ദുബായ് സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത മലയാളിപ്പെണ്‍കുട്ടിയെ തിരഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍. ഒടുവില്‍ ആ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി രാഹുല്‍ഗാന്ധി തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചതോടെയാണ് രാഹുല്‍ ആരാധകര്‍ പെണ്‍കുട്ടിയെ തിരഞ്ഞത്.

ദ്വിദിന സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ ഏറെ ആവേശത്തോടെയാണ് പ്രവാസികള്‍ സ്വീകരിച്ചത്. ദുബായ് യാത്രയുടെ ഒരു സെല്‍ഫി രാഹുല്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ഈ പെണ്‍കുട്ടി യു.എ.ഇ സ്വദേശിയാണെന്നും എയര്‍പോര്‍ട്ട് ജീവനക്കാരിയാണെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ മലയാളിയാണ് പെണ്‍കുട്ടിയെന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തു.

കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശി ഹസിന്‍ അബ്ദുള്ളയാണ് രാഹുല്‍ ഗാന്ധിക്കൊപ്പം വൈറലായ സെല്‍ഫിക്ക് പോസ് ചെയ്തത്. ദുബായ് എയര്‍പോര്‍ട്ടില്‍ സഹോദരന്‍ നൗഫല്‍ അബ്ദുള്ളക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ഹസിന്‍ എത്തിയത്. തിരക്ക് കാരണം ഹസിന് ഫോട്ടോ എടുക്കാനായില്ല. പിന്നാലെ രാഹുല്‍ ഗാന്ധി താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലില്‍ കുടുംബസമേതം എത്തി. അനുവാദം വാങ്ങി രാഹുലിനൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു.

സെല്‍ഫിയെടുക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മൊബൈലില്‍ പകര്‍ത്തി. സുരക്ഷാ ആവശ്യങ്ങള്‍ക്കായി എടുക്കുന്നതാകുമെന്നാണ് ഹസിന്‍ കരുതിയത്. എന്നാല്‍ രാഹുല്‍ ഫോട്ടോ പങ്കുവെച്ച കാര്യം സുഹൃത്തുക്കള്‍ വഴിയാണ് ഹസിന്‍ അറിയുന്നത്. ഇതോടെ നിരവധി പേര്‍ ഹസിനെ അഭിനന്ദിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ദുബായില്‍ സഹോദരനൊപ്പം ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ് ഹസിന്‍.