ഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാത്രസിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യാത്ര ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്തിരുന്നു. മണിക്കൂറുകള്‍ ദേശീയ മാധ്യമങ്ങളടക്കം ഈ യാത്രയുടെ പിന്നാലെയായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച് ആയിരങ്ങായിരുന്നു രംഗത്തെത്തിയിരുന്നത്. വാര്‍ത്താമാധ്യങ്ങളില്‍ താരങ്ങളായതുപോലെ ഇരുവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരങ്ങളായിരിക്കുകയാണ്.

 

ഇതിനിടെയാണ് ഒരു ആരാധകന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററായ ലൂസിഫറിലെ ഒരു രംഗത്തോട് രാഹുലിന്റെയും പ്രിയങ്കയുടെയും ഹാത്രസ് യാത്രയെ ഉപമിച്ച് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലൂസഫറില്‍ പി.കെ. രാംദാസിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയെ പൊലീസ് വഴിയില്‍ തടയുന്നതും തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് വരുന്നതുമായ രംഗമുണ്ട്.

‘വണ്ടി വിടാനല്ലെ തടസമുള്ളു നടന്നുപോകാമല്ലോ’ എന്ന് പറഞ്ഞ് സ്റ്റീഫന്‍ നെടുമ്പള്ളി പൊലീസിനെ സ്തംബ്ധരാക്കിയതുപോലെയായി രാഹുലിന്റെയും പ്രിയങ്കയുടെയും തീരുമാനമെന്നാണ് ആരാധക പക്ഷം. റീല്‍ ആന്‍ഡ് റിയല്‍ എന്ന പേരിലാണ് രണ്ട് രംഗങ്ങളെയും താരതമ്യം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.