ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുകയും വ്യാജ വാര്‍ത്തകള്‍ പടക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. തന്നെ ശത്രുവായി കാണുന്നവരോട് പോലും തനിക്ക് വെറുപ്പില്ലെന്ന് രാഹുല്‍ പറഞ്ഞു. വ്യാജകഥകളിലൂടെയും മറ്റും തനിക്ക് നേരെ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരെ താന്‍ വെറുക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കോബ്ര പോസ്റ്റ് വെളിപ്പെടുത്തിയ പോലെ അവരെ സംബന്ധിച്ചടുത്തോളം ഇത് വെറും ബിസിനസ് മാത്രമാണ്. തന്നെ കുറിച്ച് കള്ളം പ്രചരിപ്പിച്ചിട്ടാണെങ്കിലും അവര്‍ ജീവിക്കുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ തന്നോട് തന്നെ ഒരു മതിപ്പും ബഹുമാനവുമൊക്കെ തോന്നുന്നുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് മാധ്യമങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. പണം നല്‍കിയാല്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കുന്ന വാര്‍ത്തകള്‍ ചമക്കാന്‍ തയ്യാറാണെന്ന് മാധ്യമങ്ങള്‍ സമ്മതിക്കുന്നു. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവരെ കുറിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാനും പരിഹാസ വാക്കുകള്‍ പ്രചരിപ്പിക്കാനും തയ്യാറാണെന്നും മാധ്യമങ്ങള്‍ പറഞ്ഞതായി കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു.