ഡറാഡൂണ്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്‍. പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുമ്പോഴും അതിനു ശേഷമുള്ള മണിക്കൂറുകളിലും രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ കടന്നാക്രമിച്ചത്. ആക്രമണ വിവരം അറിഞ്ഞ ഉടന്‍ രാജ്യം മുഴുവന്‍ സ്തംഭിച്ചു. തന്റേതടക്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. സര്‍ക്കാറിനും രാജ്യത്തിനുമൊപ്പം ഉറച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ സമയത്ത് നമ്മുടെ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നുവെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹം നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ ഡോക്യൂമെന്ററിക്കു വേണ്ടി ക്യാമറക്ക് പോസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുല്‍വാമ പോലുള്ള സംഭവം നടന്നിട്ടും മൂന്നര മണിക്കൂര്‍ നേരം മോദി ഷൂട്ടിങ് തുടരുകയായിരുന്നു. ഇതാണോ നരേന്ദ്രമോദിയുടേയും ബി.ജെ.പിയുടേയും ദേശസ്‌നേഹമെന്നും രാഹുല്‍ ചോദിച്ചു. ഡറാഡൂണിലെ പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആരവങ്ങളോടെയാണ് രാഹുലിന്റെ പ്രസംഗത്തെ വരവേറ്റത്.