Connect with us

More

‘ഇത്ര ഒറിജിനലായ നേതാവിനെ എക്കാലത്തേക്കും തകര്‍ക്കാനാവില്ല’

Published

on

കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയിൽ ഇപ്പോഴും ഇത്തരത്തിലൊരാൾ ജീവിച്ചിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ ആശ്വാസം. രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മനസിൽ തോന്നിയ ഒരു വികാരമാണിത്‌. യു.പി തെരെഞ്ഞെടുപ്പിനു ശേഷം പരിഹാസങ്ങളും ആക്ഷേപങ്ങളും ട്രോൾ മഴകളും ഏറ്റു വാങ്ങുമ്പോഴും ഇത്ര സ്ഫടിക സമാനമായ നിലപാടുകളുമായി ഒരു ചെറുപ്പക്കാരൻ നല്ല ഇന്ത്യ തിരിച്ചു വരുന്നതും കാത്തിരിക്കുന്നുവെന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ കാര്യം. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കിടയിൽ രാഹുൽ ഗാന്ധി വരച്ചു കാട്ടിയത്‌ വരാനിരിക്കുന്ന ഭീതി നിറഞ്ഞ കാലത്തെക്കുറിച്ചാണ്‌. ലോകമാകെ രൂപപ്പെടുന്ന വംശീയതയും ഇസ്ലാമോഫോബിയ എന്ന ഭ്രാന്തും കൂട്ടിക്കലർത്തി ഇന്ത്യയിൽ വിപണനം നടത്തുന്നതിനെക്കുറിച്ച്‌ , അതിന്റെ അന്തർ ദേശീയ സാഹചര്യത്തെക്കുറിച്ച്‌, ഇസ്ലാം ഫോബിയ പറഞ്ഞ്‌ മോഡി ഇന്ത്യയെ കൂടുതൽ മിലിറ്റന്റ്‌ ആക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്‌, അതിന്റെ മറവിൽ അമേരിക്കയും മോഡിയും തമ്മിൽ രൂപപ്പെടുന്ന പുതിയ അവിശുദ്ധ ബാന്ധവത്തെക്കുറിച്ച്‌, അതുവഴി മോഡി സ്വന്തമാക്കുന്ന അറ്റമില്ലാത്ത പണത്തെക്കുറിച്ച്‌, അതു വഴി അരക്കിട്ടുറപ്പിക്കുന്ന രാഷ്ട്രീയാധികാരത്തെക്കുറിച്ച്‌, ചൈനക്കെതിരെ അമേരിക്ക നടത്തുന്ന ഉൾപോരിൽ ഇന്ത്യ പങ്കാളിയാവുന്നതിനെക്കുറിച്ച്‌, ഇന്ത്യയിൽ ദളിതുകൾക്കും താഴെ മുസ്ലിംകളെ പ്രതിഷ്ഠിച്ച്‌ പുതിയ ദളിത്‌ വിമോചനം സാധ്യമാക്കുന്ന ചൊട്ടു വിദ്യയെക്കുറിച്ച്‌, കടുത്ത മുസ്ലിം വിരുദ്ധത ജയമാക്കി മാറ്റുന്നതിനെക്കുറിച്ച്‌…
എത്ര വാചാലമായി അദ്ധേഹം സംസാരിക്കുമ്പോൾ ഒരു കാര്യം ഉറപ്പായി. ഇത്ര ഒറിജിനലായ ഒരു നേതാവിനെ എക്കാലത്തേക്കും തകർക്കാനാവില്ല. യു. പി യിൽ മാത്രമല്ല, ഇനിയും തോൽവികൾ തുടരാം, അപ്പോഴും രാഹുൽ പറഞ്ഞു. എത്ര തെരെഞ്ഞെടുപ്പുകളിൽ തോറ്റാലും ആശയ പരമായ ജയം കൊണ്ടല്ലാതെ ഇനി ജയിച്ചടക്കുക സാധ്യമല്ല. ഹിന്ദുത്വത്തെ നേരിടാൻ മൃദു ഹിന്ദുത്വമല്ല വേണ്ടത്‌. കറകളഞ്ഞ മതേതരത്വമാണ്‌. ആ മതേതരത്വമാണ്‌ ആശയപരമായ യുദ്ധത്തിനു കരുത്ത്‌ പകരേണ്ടത്‌. ഇതിൽ വിശ്വാസമില്ലാത്ത നേതാക്കളാണ്‌ ഇപ്പോൾ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്‌ പുറത്ത്‌ പോവുന്നത്‌. ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകളെ തുടച്ചു നീക്കി വംശീയ ശുദ്ധീകരണം നടത്താനാവില്ലെന്നത്‌ സത്യമാണെങ്കിൽ വർഗ്ഗീയതക്കെതിരെ ആശയ യുദ്ധം നടത്തി തന്നെ കോൺഗ്രസ്‌ ജയിക്കും. ആ ജയത്തിന്‌ ഇത്തിരി ക്ഷമ വേണ്ടിവരും.
ഇന്ത്യൻ മുസ്ലികളെ കൂടുതൽ ഐക്യത്തോടെ കോൺഗ്രസിനൊപ്പം നിർത്താനും ഈ പോരാട്ടമുന്നണിയിൽ രാജ്യ വ്യാപകമായി നിലകൊള്ളാനും മുസ്ലിം ലീഗ്‌ സന്നദ്ധമാണെന്ന് ഞങ്ങൾ പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടാതെ ആ ചുവടുവെപ്പുകളുമായി മുന്നേറുന്ന ഈ ചെറുപ്പക്കാരനെ നാം വഴിയിൽ തള്ളരുത്‌. കല്ലെറിയുകയുമരുത്‌. പരിഹസിക്കാൻ ആർക്കുമാവും. പക്ഷെ മുറിവേറ്റിട്ടും ലക്ഷ്യ സ്ഥാനത്തേക്ക്‌ ചോരച്ചാലുകൾ കടന്ന് പോകുന്ന ഇന്ത്യയുടെ ഈ പ്രിയ പുത്രനെ നമുക്കൊറ്റപ്പെടുത്തിക്കൂട. കൂടെയുള്ളവരെല്ലാം വിട്ടു പോയാലും ഉൾക്കരുത്തോടെ മുന്നോട്ടായുന്ന കുടുംബ പശ്ചാത്തലമുണ്ട്‌ രാഹുലിന്‌. വർഗ്ഗീയത ഫണം വിടർത്തിയാടുന്ന പുതിയ വർത്തമാന കാലത്ത്‌ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കഴ്ച ഒരു മുസ്ലിം എന്ന നിലയിലും ഒരു ഇന്ത്യക്കാരനെന്ന നിലയിലും എനിക്ക്‌ പകർന്ന് തന്നത്‌ പ്രത്യാശയുടെ തിരി വെളിച്ചമാണ്‌. ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ്‌. ആ പ്രതീക്ഷ ആകാശത്ത്‌ നിന്ന് പൊട്ടിമുളച്ചിറങ്ങുകയില്ല. അത്‌ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യാൻ കഴിവുറ്റ ചെറുപ്പത്തെ സജ്ജമാക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ബിരിയാണിയും ഷെർവ്വാണിയുമായി ഇനിയും സുഖിച്ചും രമിച്ചും കഴിഞ്ഞാൽ ബഹദൂർഷ സഫറിന്റെ ഗതിയായിരിക്കും ഇന്ത്യൻ മുസ്ലിംകളെ കാത്തിരിക്കുക…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending