ചെന്നൈ: തെന്നിന്ത്യന്‍ താരം ശരത്കുമാറിന്റെയും തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയ് ഭാസ്‌കറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ ആറു മണിയോടെയാണ് ആദായ നികുതി വകുപ്പ് ഇരുവരുടെയും വീടുകളില്‍ പരിശോധന ആരംഭിച്ചത്. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. മന്ത്രി വിജയ് ഭാസ്‌കറിന്റെ വീട് ഉള്‍പ്പെടെ 32 സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്. ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് ശരത്കുമാറിന്റെ പാര്‍ട്ടി കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിനകരന് വോട്ടു ചെയ്യുന്നതിനായി ചിലര്‍ പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പണം നല്‍കലിനു പിന്നില്‍ വിജയ്ഭാസ്‌ക്കറാണെന്നും ശരത്കുമാറിനു ഇതില്‍ പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരോഗ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡ് പഴനിസ്വാമി മന്ത്രിസഭക്ക് തിരിച്ചടിയായിട്ടുണ്ട്.