ന്യൂഡല്‍ഹി: ഐപിഎല്ലിലും, ട്വന്റി20യിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി സുരേഷ് റെയ്‌നയ്ക്ക് സ്വന്തം. ബംഗളൂരു നായകന്‍ വിരാട് കോലിയെ മറികടന്നാണ് റെയ്‌ന ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 4341 റണ്‍സും, ട്വന്റി 20 ക്രിക്കറ്റില്‍ 6,673 റണ്‍സുമാണ് റെയ്‌നയുടെ സമ്പാദ്യം. കൊല്‍ക്കത്തക്കെതിരെ 46 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയാണ് ഗുജറാത്തിനെ കഴിഞ്ഞ ദിവസം റെയ്‌ന വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെയായിരുന്നു റൈനയുടെ ഇന്നിങ്‌സ്. റെയ്‌നയുടെ മികവില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു. വിമര്‍ശകരുടെ വായടപ്പിച്ച് ബാറ്റ് കൊണ്ട് മാത്രമല്ല പന്ത്‌കൊണ്ടും കൊല്‍ക്കത്തയ്‌ക്കെതിരെ റെയ്‌ന മികവ് കാട്ടി. വെള്ളിയാഴ്ച്ച നടന്ന മത്സരത്തില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത ബൗളറാണ് റെയ്‌ന. റെയ്‌നയുടെ രണ്ട് ഓവറില്‍ കൊല്‍ക്കത്തന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേടാനായത് 11 റണ്‍സ് മാത്രം. സുനില്‍ നരെയ്‌ന്റെ വിക്കറ്റും റെയ്‌ന വീഴ്ത്തി. ഫോമിലേക്കു തിരിച്ചെത്തിയ റെയ്‌ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. 2015 ഒക്ടോബറിലാണ് റെയ്‌ന അവസാനമായി ഏകദിന ടീമില്‍ കളിച്ചത്.