മുംബൈ: ബൗളര്‍മാരായിരുന്നു ഇന്നലെ താരങ്ങള്‍. വാംഖഡെയില്‍ ബൗളിംഗ് കരുത്തില്‍ മുംബൈ ശക്തരായ ഡല്‍ഹിയെ കീഴടക്കി. 142 ല്‍ അവസാനിച്ച മുംബൈ ഇന്നിംഗ്‌സിന് ശേഷം മുംബൈ ബൗളര്‍മാരുടെ ഊഴമായിരുന്നു. അവര്‍ ഡല്‍ഹിയെ ആറിന് 24 റണ്‍സ് എന്ന നിലയിലെത്തിച്ചു. അവിടെ നിന്നും റബാദ-മോറിസ് സഖ്യമാണ് നാണക്കേടില്‍ നിന്നും ടീമിനെ രക്ഷിച്ചത്.

മുംബൈക്കാര്‍ സ്വന്തം മൈതാനത്ത് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ഡല്‍ഹി ബൗളര്‍മാര്‍ മിന്നി തിളങ്ങി-142 ല്‍ മുംബൈക്കാര്‍ പവിലിയനില്‍ തിരിച്ചെത്തി. 28 റണ്‍സ് നേടിയ ബട്‌ലറായിരുന്നു ടോപ് സക്കോറര്‍. പൊളാര്‍ഡ് 26 റണ്‍സ് നേടി. ഹിരണ്‍ പാണ്ഡ്യയുടെ 24 ഉം കഴിഞ്ഞാല്‍ ബാക്കിയെല്ലാവരും നിരാശപ്പെടുത്തി.

ഡല്‍ഹി ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കക്കാരന്‍ റബാദ 30 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ അമിത് മിശ്രയാണ് മിന്നിയത്. 18 റണ്‍സിന് രണ്ട് വിക്കറ്റ്.

മറുപടിയില്‍ മുംബൈ ബൗളര്‍മാരുടെ ഊഴമായിരുന്നു. സഞ്ജു (9), താരെ (0), കരുണ്‍ നായര്‍ (5), അയ്യര്‍ (6), ആന്‍ഡേഴ്‌സണ്‍ (0), പന്ത് (0) എന്നിവരെല്ലാം വരിക്ക് വരിയായി പുറത്തായപ്പോള്‍ ആറ് വിക്കറ്റിന് 24 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. അവിടെ നിന്നും റബാദയും ക്രിസ് മോറിസും ചേര്‍ന്നാണ് ടീമിനെ രക്ഷിച്ചത്. റബാദ 44 ല്‍ പുറത്തായതോടെ മുംബൈ വിജയമുറപ്പിച്ചു. മോറിസ് അര്‍ധശതകം നേടി.