കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്. ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കോണ്‍ഗ്രസ് ഭവനില്‍ നടന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണിത്താന്‍.

അദ്ദേഹം എത്തിയ വാഹനം ഡി.സി.സി ഓഫീസ് വളപ്പിനുള്ളിലേക്ക് കടക്കും മുമ്പ് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം കാര്‍ തടയുകയായിരുന്നു. ഡോര്‍ വലിച്ചുതുറന്ന് ഉണ്ണിത്താനെ പുറത്തിറക്കി കയ്യേറ്റം ചെയ്യാനും ചില പ്രവര്‍ത്തകര്‍ ശ്രമിച്ചു. അപ്പോഴേക്കും ഡി.സി.സി ഓഫീസില്‍ നിന്നും പ്രവര്‍ത്തകരെത്തി അദ്ദേഹത്തിന് സംരക്ഷണ വലയം തീര്‍ത്ത് ഓഫീസിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ ഉണ്ണിത്താനെതിരെ മുദ്രവാക്യം വിളിച്ചവര്‍ അദ്ദേഹത്തിന്റെ കാറിന് നേര്‍ക്ക് ചീമുട്ട എറിയുകയും ചെയ്തു.

വാഹനം തടഞ്ഞ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്ലെന്നും പ്രീപെയ്ഡ് ഗുണ്ടകളാണെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.തന്റെ ജീവന് ഭീഷണി ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും തനിക്കും ഗുണ്ടകളെ കിട്ടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഉണ്ണിത്താന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആറു പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ആറു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ജന്മദിനാഘോഷ ചടങ്ങിനിടെ അക്രമം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്‍.എസ് അബിന്‍, വിനു മംഗലത്ത്, എം.എസ് അജിത്ത്കുമാര്‍, വിഷ്ണുവിജയന്‍, ബി.ശങ്കരനാരായണപിള്ള, അതുല്‍ എസ്.പി എന്നിവരെ കെ.പി.സി.സി നിര്‍ദേശ പ്രകാരം പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.സി.സി ഭാരവാഹികളായ ചിറ്റുമൂല നാസര്‍, പി.രാജേന്ദ്രപ്രസാദ് എന്നിവരെ ചുമതലപ്പെടുത്തിയതായും ഡി.സി.പി പ്രസിഡന്റ് അറിയിച്ചു.