കണ്ണൂര്‍: കേരളത്തില്‍ സി.പി.എം ബി.ജെ.പി ധാരണ മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിച്ചത് അതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ ഇഡിയുടെയും എന്‍ഐഎയുടെയും അന്വേഷണം നിലച്ചു. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണ്. ലാവ്‌ലിന്‍ കേസ് 20 തവണ മാറ്റിവെച്ചത് സിബിഐ ആവശ്യപ്പെട്ടിട്ടാണ്. ഐശ്വര്യ കേരള യാത്രക്കിടെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്ലാത്ത കേരളമാണ് മോദിയും പിണറായിയും ലക്ഷ്യം വക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയെ അകത്താക്കുമെന്ന് പറഞ്ഞ ബിജെപി ഇപ്പോള്‍ മിണ്ടുന്നില്ല. സുരേന്ദ്രനേക്കാള്‍ വലിയ മുസ്‌ലിം വിരോധമാണ് സിപിഎം സെക്രട്ടറി വിജയരാഘവന്റേത്. പിണറായി മോദി രാഷട്രീയ കൂട്ടുകെട്ടിന്റെ ലക്ഷ്യം കോണ്‍ഗ്രസും യു.ഡി.എഫും ഇല്ലാത്ത കേരളമാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ അകത്താകുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോള്‍ മിണ്ടുന്നില്ല. മുസ്‌ലിം സമുദായത്തെ മതമൗലികവാദികളാക്കി മാറ്റാനുള്ള ഈ തീരുമാനം അപകടകരമായ രാഷ്ട്രീയമാണ്-ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണ് എന്നു പറഞ്ഞ് വര്‍ഗീയ കാര്‍ഡ് കളി തുടങ്ങിയത് മുഖ്യമന്ത്രിയാണ്. സിപിഎം പരാജയം മുന്നില്‍ കാണുന്നു. പരാജയപ്പെടുന്നവന്റെ അവസാനത്തെ ആയുധമാണ് വര്‍ഗീയത. ശബരിമല വിഷയത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള തന്ത്രമാണ് പിണറായി സര്‍ക്കാര്‍ കളിച്ചതെന്നും ചെന്നിത്തല പറഞ്ഞു.