തിരുവനന്തപുരം: സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഉദ്യോഗസ്ഥ ഭരണത്തില്‍ ഭരണം സ്തംഭിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ഐഎഎസ്-സര്‍ക്കാര്‍ തര്‍ക്കംമൂലം ഭരണം സ്തംഭിച്ചിരിക്കുകയാണ്. രണ്ട് മാസമായി പദ്ധതി അവലോകന യോഗവും ചേരുന്നില്ല. ഇതുമൂലം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനോ വിഹിതം ചെലവഴിക്കാനോ കഴിയുന്നില്ല. റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പൊതുജനത്തിന്റെ കഞ്ഞികുടി മുട്ടിച്ചിരിക്കുകയാണ്. പരാജയം മറച്ചുവെക്കാന്‍ ഇടതുമുന്നണി സമരത്തിനിറങ്ങുകയാണ്. ഭരിക്കാനാണ് ജനം ഇടതുമുന്നണിയെ തിരഞ്ഞെടുത്തത്. സമരം ചെയ്യാനല്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമാ സമരം തുടങ്ങിയിട്ട് നാളുകളായി. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ ഉന്നയിച്ചു ഗവ ഡോക്ടര്‍മാര്‍ 35 ദിവസമായി മെല്ലെപ്പോക്കു സമരത്തിലാണ്. ഇതെല്ലാം പരിഹരിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.