കോട്ടയം: നോട്ട് നിരോധനത്തില്‍ മോദിയുടെ നിലപാടിനോടുള്ള പ്രതിഷേധവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നോട്ട് നിരോധനം ഏര്‍പ്പെടുത്തി ജനങ്ങളെ മോദി അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 17ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ ‘കറന്‍സി ആന്ദോളന്‍’ എന്ന പേരില്‍ ട്രെയിന്‍ സമരം തടയല്‍ സംഘടിപ്പിക്കുമെന്ന് പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ എന്തുസമരം നടന്നാലും മോദി അറിയില്ല. കേരളം എന്ന സംസ്ഥാനം ഉണ്ടെന്നു മോദി അറിയണം. അതുകൊണ്ടാണ് ട്രെയിനുകള്‍ തടയാന്‍ തീരുമാനിച്ചത്. 500, 1000 നോട്ടുകള്‍ നിരോധിച്ചു കഴിഞ്ഞപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സി പ്രശ്‌നമില്ല. കേരളത്തില്‍ മാത്രമേ പ്രശ്‌നം ഉള്ളൂ.

മോദി കേരളത്തോടു വൈരാഗ്യം തീര്‍ക്കുകയാണ്. മോദിയുടെ നടപടിയോടു പ്രതിഷേധമുള്ള എല്ലാവരെയും സമരത്തിലേക്കു ക്ഷണിക്കുന്നുവെന്നും പി.സി. ജോര്‍ജ് അറിയിച്ചു. അതേസമയം നോട്ട് നിരോധിച്ച് രണ്ട് മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ല. എടിഎമ്മുകളില്‍ പകുതിയും അടഞ്ഞുകിടക്കുകയാണ്. മുന്‍ പ്രധാനമന്ത്രി നരന്ദ്ര മോദിയുള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ ഇതിനെ അപായ സൂചനയായാണ് കാണുന്നത്.