തിരുവനന്തപുരം: സിപിഎം അത്യാസന്ന നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ, സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ദുര്‍ഗന്ധം മുഴുവന്‍ സൗരഭ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ഇന്നലെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സിപിഎം നേതാക്കള്‍ വിയര്‍ത്തൊലിച്ചത് കേരളം കണ്ടതാണ്. ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്‌ലിന്‍ അഴിമതി നടന്നപ്പോഴും അവസാനം പിണറായി ഇത് തന്നെയാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. നാലരവര്‍ഷം ഒപ്പം നിന്ന ശിവശങ്കരന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടുന്ന മുഖ്യമന്ത്രിയെയാണ് ഇന്ന നാം കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു

ഇഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട് 21 തവണ സ്വര്‍ണക്കടത്ത് നടത്തിയപ്പോള്‍ ശിവശങ്കരന്റെ സഹായം ഉണ്ടായിരുന്നു എന്ന്. ഇത് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സഹായമാണെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധികാരം ഉപയോഗിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നേതൃത്വം നല്‍കിയത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലേ?. കസ്റ്റംസ് ഓഫീസറെ വിളിച്ചു എന്നത് ശിവശങ്കരന്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കള്ളം പറയുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു