മരണത്തിനു ശേഷം നോവായി കൊല്ലം സ്വദേശി റംസിയുടെ ടിക്ടോക് വിഡിയോകള്‍. ഹാരിസിനു നേരെ ശാപവാക്കുകള്‍ എറിയുകയാണ് പലരും. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളില്‍ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകളാണ് ഇപ്പോള്‍ പലരുടെയും ഉള്ളു പൊള്ളിക്കുന്നത്. ഈ ചിരിയാണവര്‍ തല്ലിക്കെടുത്തിയതെന്നും കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നും പലരും രോഷം കൊള്ളുന്നുമുണ്ട്.

https://youtu.be/AhGuz9fqKpo

പൊലീസ് പറയുന്നത് ഇങ്ങനെ: റംസിയും ഹാരീസും പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നരവര്‍ഷം മുന്‍പു ധാരണപ്രകാരം വളയിടല്‍ ചടങ്ങു നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നല്‍കി റംസിയുടെ വീട്ടുകാര്‍ സഹായിച്ചു. പിന്നീടു വിവാഹത്തെപ്പറ്റി പറയുമ്പോള്‍ ഹാരീസ് ഒഴിവുകഴിവുകള്‍ പറഞ്ഞിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു.

ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒടുവില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം.