കോഴിക്കോട്: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് റേഷന്‍ വിതരണം സര്‍വ്വര്‍ തകരാര്‍ മൂലം മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പരിഹാരം ഉണ്ടാക്കുന്നതിന്നു പകരം റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുടെ പേരില്‍ പഴിചാരി സ്വന്തം ഉത്തരവാദിത്വത്തില്‍ തലയൂരാന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിഫലശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. സംസ്ഥാനത്ത് 2019 മാര്‍ച്ച് മാസത്തോടെ ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ഐ.ടി, വകുപ്പിന്റെ സര്‍വ്വറിലൂടെ ആരംഭം കുറിച്ചുവെങ്കിലും പ്രസ്തുത സര്‍വ്വറില്‍ അമിത ലോഡ് കാരണം റേഷന്‍ വിതരണം മുടങ്ങുന്നത് പതിവായി മാറിയിരുന്നു.

ഇതിനു ശാശ്വത പരിഹാരമായാണ് ആധാര്‍ സര്‍വ്വറിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ഭക്ഷ്യ വിതരണം പൂര്‍ണ്ണമായും നടത്തുവാന്‍ ശേഷിയുള്ള അഞ്ചരകോടി രൂപ മുടക്കി ഭക്ഷ്യവകുപ്പ് തലസ്ഥാനത്ത് പുതിയ സര്‍വ്വര്‍ സ്ഥാപിച്ചത്. പുതിയ സര്‍വ്വര്‍ സ്ഥാപിച്ചുവെങ്കിലും ഏറെ വൈകാതെ തന്നെ ലോഡ് താങ്ങാന്‍ കഴിയാതെ നിശ്ചലമാകുന്ന കാഴ്ചകളാണ് കാണാന്‍ തുടങ്ങിയത്.പ്രസ്തുത സര്‍വ്വറിന് കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളും ഒന്നിച്ചു വര്‍ക്കു ചെയ്താല്‍ പോലും ലോഡ് താങ്ങാനുള്ള ശക്തിയുണ്ടെന്ന് ഏറെ കൊട്ടിയാഘോഷിച്ചിരുന്ന അധികാരികള്‍ ഇപ്പോള്‍ സര്‍വ്വര്‍ ഡൗണാകുമ്പോള്‍ ഇതിന്റെ കാരണങ്ങളെ കുറിച്ചൊരു അന്യേഷണങ്ങളും നടത്താതെ മൗനത്തിലാണ്.
സര്‍വ്വര്‍ പ്രശ്‌നങ്ങളെ കുറിച്ച് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി തൊലിപ്പുറ ചികിത്സകളാണ് നടത്തിയത്. ഇത് മൂലം അഞ്ചു ദിവസങ്ങളിലും ഉപഭോക്താക്കളുടെ ചീത്ത വിളിയും തെറിയും ഏല്‍ക്കേണ്ടി വന്നതനായി റേഷന്‍ വ്യാപാരികള്‍ പറയുന്നു.. റേഷന്‍ ഭക്ഷ്യധാന്യങ്ങളേ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികള്‍ ഉള്‍പെടെ പല ഉപഭോക്താക്കളും റേഷന്‍ ലഭിക്കാതെ നിസ്സഹായരായി മടങ്ങിപോകുന്നത് ബന്ധപെട്ട അധികാരികളോ മന്ത്രിയോ കാണാതെ പോയത് ഖേദകരമാണ്.

മൂന്ന് ദിവസത്തിലധികം ഉപഭോക്താക്കളുടെ തെറിയഭിഷേകം കേട്ടുകൊണ്ട് ഇതിനൊരു പരിഹാരമാവട്ടേ എന്ന് കരുതി കടകള്‍ അടച്ചതാണ് ഏറ്റവും വലിയ അപരാധമായി മന്ത്രി കണ്ടെത്തിയത്. റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിച്ചതിന്നു തലേനാള്‍ പോലും എല്ലാം പരിഹരിച്ചുവെന്ന് ഡീലര്‍മാരുടെ സംഘടനാ നേതൃത്വത്തിനു മന്ത്രി മെസേജ് നല്‍കിയത് പരിഹാസ്യമായി. റേഷന്‍ വിതരണം ജില്ലകള്‍ തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.