ഡെറാഡൂണ്‍: ഹരിദ്വാര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം എലികള്‍ കടിച്ചുകീറിയതായി ആരോപണം. ശനിയാഴ്ച പുലര്‍ച്ചെ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ്, ചെവി, മൂക്ക്, മുഖം എന്നിവയില്‍ കടിയേറ്റ പാടുകള്‍ കണ്ടതോടെയാണ് സംഭവം വിവാദമായത്. ഇതിനെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കളും അനുയായികളും ആശുപത്രി കെട്ടിടം അടിച്ചുതകര്‍ത്തു.
പഞ്ചാബി ധര്‍മ്മശാല മാനേജര്‍ ലഖന്‍ എന്ന ലക്കി ശര്‍മ്മ (36) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
‘രാവിലെ തിരിച്ചെത്തിയപ്പോള്‍ മൃതദേഹത്തിന്റെ കണ്ണിലും, ചെവിയിലും, മൂക്കിലും കടിയേറ്റ പാടുകള്‍ വ്യക്തമായിരുന്നു,’ മരിച്ചയാളുടെ ബന്ധു മനോജ് ശര്‍മ്മ ആരോപിച്ചു. മരിച്ചയാള്‍ കണ്ണ് ദാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എലികള്‍ ഒരു കണ്ണ് നശിപ്പിച്ചുവെന്നതും കുടുംബം ചൂണ്ടിക്കാട്ടി.
ആശുപത്രി ജീവനക്കാരുടെ കടുത്ത അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തി പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ആശുപത്രി കെട്ടിടത്തിലെ ഗ്ലാസ്, മേശകള്‍, കസേരകള്‍, ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടു.
മോര്‍ച്ചറിയിലെ ഡീപ് ഫ്രീസര്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യൂണിറ്റിന്റെ പിന്‍ഭാഗം തുറന്ന നിലയിലായിരുന്നതിനാല്‍ എലികള്‍ അകത്ത് കടന്നതാണെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
സംഭവം ഗുരുതര വീഴ്ചയാണെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രണ്‍ബീര്‍ സിംഗ് സമ്മതിച്ചു. ആശുപത്രിയിലെ നിരവധി ബോഡി സ്റ്റോറേജ് ഫ്രീസറുകള്‍ തകരാറിലാണെന്നും ചിലതിന്റെ മൂടികള്‍ ശരിയായി അടയ്ക്കാനാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും ഉത്തരവാദികളായവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.