റായ്പുര്‍: ചത്തീസ്ഗഡിലെ വാര്‍ത്താ അവതാരക ബ്രേക്കിങ് ന്യൂസ് ആയി വായിച്ചത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. അപകടത്തില്‍ മരണപ്പെട്ടയാള്‍ തന്റെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞ അവതാരക പതറാതെ വാര്‍ത്ത മുഴുവന്‍ വായിച്ചു തീര്‍ത്താണ് സ്റ്റുഡിയോ വിട്ടത്. ചത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐ.ബി.സി 24 ന്റെ അവതാരക സുപ്രീത് കൗര്‍ ആണ് മനാസാന്നിധ്യവും ധൈര്യവും കൈവിടാതെ സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത വായിച്ച് തീര്‍ത്തത്. ശനിയാഴ്ച രാവിലെയുള്ള ബുള്ളറ്റിനിലാണ് ബ്രേക്കിങ് ന്യൂസ് ആയി അപകട വാര്‍ത്ത വന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി റിപ്പോര്‍ട്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് ഭര്‍ത്താവാണെന്ന് അവതാരക തിരിച്ചറിയുന്നത്. തത്സമയ സംപ്രേഷണമായതിനാല്‍ വായനക്കിടയില്‍ വികാരാധീനയാവാതെ അവര്‍ വാര്‍ത്ത വായിച്ചു തീര്‍ത്തു. മഹസമുണ്ട് ജില്ലയിലെ പിത്താറയില്‍ ഡസ്റ്റര്‍ വാഹനമാണ് അപകടത്തില്‍ പെട്ടതെന്നും വാഹനത്തിലുള്ള അഞ്ച് പേരില്‍ 3 പേര്‍ മരണപ്പെട്ടു എന്ന വിവരമാണ് റിപ്പോര്‍ട്ടര്‍ ലൈവില്‍ വിവരിച്ചത്. അപ്പോള്‍ തന്നെ സുപ്രീതിന് കാര്യങ്ങള്‍ മനസിലായിരുന്നു. ഈ റൂട്ടില്‍ ഭര്‍ത്താവും നാലുപേരും യാത്രചെയ്യുന്നുണ്ടെന്ന് സുപ്രീതിന് അറിയാമായിരുന്നു. ന്യൂസ് പൂര്‍ത്തീകരിച്ച ശേഷം സ്റ്റുഡിയോയില്‍ നിന്നിറങ്ങിയ സുപ്രീത് കൗര്‍ പൊട്ടിക്കരഞ്ഞു. വീട്ടുകാരെ ഉടന്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്ന് സുപ്രീത് തിരിച്ചറിയുന്നത്.