പ്രൊഫ:പി.കെ.കെ തങ്ങള്‍

ദക്ഷിണ ഏഷ്യയിലെ ഒരു പരമാധികാര ജനായത്ത രാഷ്ട്രമാണ് നമ്മുടെ രാജ്യം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിപ്പത്തില്‍ ഏഴാം സ്ഥാനത്തും ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു. യൂറോപ്പ്യന്‍ അധിനിവേശത്തെത്തുടര്‍ന്നുണ്ടായ ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്നു വിമുക്തമായി 1947 ലാണ് തദ്ദേശീയ ഭരണം സ്ഥാപിതമായത്. നിസഹകരണം, സത്യഗ്രഹം തുടങ്ങിയ അക്രമ രഹിത മാര്‍ഗങ്ങളിലൂടെ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധി രാഷ്ട്രപിതാവ് എന്ന നിലയിലും, സ്വതന്ത്ര്യ ഇന്ത്യയെ സാമ്പത്തിക രാഷ്ട്രീയ ഭദ്രതയുടെ മാര്‍ഗത്തിലേക്കുയര്‍ത്തിയ പ്രഥമപ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രശില്‍പി എന്ന നിലയിലും സമാദരിക്കപ്പെടുന്നു.

അതിപ്രാചീനകാലം മുതല്‍ തനതായ സംസ്‌കാര വൈശിഷ്ട്യങ്ങളുടെ കേന്ദ്രങ്ങളായ ഗ്രീസ്, റോം, ഈജിപ്ത്, ചൈന എന്നീ രാജ്യങ്ങളെ അതിശയിപ്പിക്കുന്ന പാരമ്പര്യമാണ് ഈ രാഷ്ട്രത്തിനുള്ളത്. കാലാകാലങ്ങളിലുണ്ടായ ജനപ്രവാസങ്ങളുടെ ഫലമായി പുതിയ സംസ്‌കാരങ്ങള്‍ നാമ്പെടുക്കുകയും അവയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ സ്വതന്ത്രമായോ പഴയ സംസ്‌കാരങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്തതുമൂലം ജ്ഞാനവിജ്ഞാനങ്ങളുടെ വിവിധ ശാഖകളില്‍ വൈവിധ്യപൂര്‍ണവും അമൂല്യവുമായ നിരവധി നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഇന്ത്യക്ക് കഴിഞ്ഞു. പ്രാചീനവും ആധുനികവുമായ സംസ്‌കാര സവിശേഷതകളുടെ സംഞ്ജ സന്തുലനം ഇന്ത്യയെമ്പാടും ഇന്നും നിലനില്‍ക്കുന്നു.

ഭാഷയിലും വേഷ സംവിധാനത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഉള്ള വൈവിധ്യവും നാനാത്വത്തിലെ ഏകത്വവും ഇന്ത്യാരാജ്യത്തെ ഒരു സവിശേഷ ജനവിഭാഗമെന്ന പരിഗണനക്ക് പൂര്‍ണമായും അര്‍ഹമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളില്‍ മഹാത്മജി തൊട്ടിങ്ങോട്ടുള്ള രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാ മഹാരഥന്മാരുടെയും അഭിലാഷവും ‘വൈവിദ്ധ്യത്തിലെ ഏകത്വം’ എന്ന ആശയ പൂര്‍ത്തീകരണത്തിലൂടെ ശാന്തിയുടെയും, സമാധാനത്തിന്റെയും സമസൃഷ്ടി സ്‌നേഹത്തിന്റെയും മഹിമ മറ്റെല്ലാ പരിഗണനകള്‍ക്കും ഉപരിയായി ഉയര്‍ത്തിപ്പിടിക്കുകയെന്നത് മാത്രമായിരുന്നു.

ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത സവിശേഷമായ ഒരു സാമൂഹിക അവസ്ഥയാണ് ഇന്ത്യാരാജ്യത്ത് നിലനില്‍ക്കുന്നത്. രാഷ്ട്ര ശില്‍പികള്‍ അടിയുറച്ച് നിലകൊണ്ടതും പ്രചരിപ്പിച്ചതും അവര്‍ പ്രാണനുതുല്യം സംരക്ഷിക്കുകയും അതിനായി ആഹ്വാനം ചെയ്തിട്ടുള്ളതും നമ്മുടെ ഭരണഘടന നമുക്ക് ഉറപ്പ് നല്‍കിയിട്ടുള്ളതുമായ വളരെ പവിത്രമായ ആശയമാണല്ലോ ‘നാനാത്വത്തിലെ ഏകത്വം’ എന്ന തുല്യതയില്ലാത്ത പുണ്യം. മതം, ജാതി, ഉപജാതി മുതല്‍ പരിഗണനകള്‍ വെച്ചു പുലര്‍ത്തിപ്പോന്ന ഒരു പാരമ്പര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഐത്താചരണം ഒരു നിര്‍ബന്ധിത കടമയെന്നോണം ആചരിക്കപ്പെട്ടുപോന്നിരുന്നു. അതിന് ഏറെക്കുറെ അടിമത്ത രീതി തന്നെയായിരുന്നു.

എന്നാല്‍ ആകാര സൗഷ്ടവമോ, വലിപ്പച്ചെറുപ്പമോ, നിറമോ, ഭക്ഷണ രീതിയോ, വസ്ത്രധാരണ രീതിയോ, അറിവിന്റെ ആഴമോ പരപ്പോ, വിശ്വാസത്തിലെ ശരിയോ തെറ്റോ, കുടുംബമേന്മയോ, പാരമ്പര്യമോ ഒന്നുമല്ല ഇന്ത്യന്‍ പൗരത്വവും തദടിസ്ഥാനത്തിലുള്ള അവകാശങ്ങളും നിശ്ചയിക്കുന്നത്. അത്തരം ഒരു ആശയം ഇന്ത്യന്‍ ഭരണഘടനയോ ഭരണക്രമമോ മുന്നോട്ടു വയ്ക്കുന്നില്ല. നാനാജാതിമതസ്ഥരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ ഭക്ഷണ-വസ്ത്ര ശീലങ്ങള്‍ പുലര്‍ത്തുന്നവരും ഏകോദരസഹോദരന്മാരായിക്കഴിയുകയെന്നതാണ് ഇന്ത്യന്‍ പാരമ്പര്യവും ഭരണഘടനയുടെ സത്തയും. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടത് അതിന് അധികാരവും ഉത്തരവാദിത്വവുമുള്ള ഭരണകൂടമാണ്. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്രപരമാധികാര റിപബ്ലിക്കായി പ്രഖ്യാപിച്ചവരും അതിന്റെ പിന്നണി ശില്‍പികളുമെല്ലാം ഭാവനയില്‍ കണ്ടതും അത്തരം ഒരു സാര്‍വ്വജനീന സൗഹൃദ സമൂഹത്തെയാണ്.

നമ്മുടെ ദേശീയ പതാകയും ദേശീയ ഗാനവുമെല്ലാം പ്രഖ്യാപിക്കുന്ന സന്ദേശവും അതുതന്നെ. എന്നാല്‍ അടുത്തിടെയായി നമ്മുടെ രാജ്യത്ത് തല പൊക്കുന്ന ഒരു പ്രവണത വളരെ ആശങ്കാജനകമാണ്. സ്വാതന്ത്ര്യ ലബ്ധിമുതല്‍ക്കിങ്ങോട്ട് അടുത്ത ഒരു കാലഘട്ടം വരെയും ഇന്ത്യയിലെ സാമൂഹ്യ സുരക്ഷയില്‍ വലിയ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. അടുത്തിടെയായി രാജ്യത്തിന്റെ ഭരണകൂടത്തെപ്പോലും പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ നിവൃത്തിയില്ലാത്ത ഒരു ഭീതിതാവസ്ഥ ഭരണകൂടം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ നിലനിന്നിരുന്നത് അങ്ങേയറ്റത്തെ സാമൂഹ്യ സൗഹൃദമായിരുന്നു. ഗാന്ധിജിയും നെഹ്‌റുവും ആസാദും ഇഖ്ബാലുമെല്ലാം ഇന്ത്യന്‍ ജന മനസുകളില്‍ ഇട്ടുപോയത് സാര്‍വ ലൗകിക സൗഹൃദത്തിന്റെ വിത്തുകളായിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള മുളകളെല്ലാം പിഴുതെറിഞ്ഞ് വര്‍ഗവെറിയുടെയും, വംശീയതയുടെയും, ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയതയുടെ വിത്തുകളാണ് പാകിമുളപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നീണ്ടുനിന്ന് കൊടുമ്പിരിക്കൊണ്ട കോവിഡ് കാലഘട്ടമല്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി നിയമം ഇപ്പോള്‍ ഏതുവരെ എത്തിക്കഴിഞ്ഞേനെയെന്ന് നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അപ്രകാരം തന്നെ ലക്ഷദ്വീപിലെ ആശങ്കാജനകമായ ഇടപെടലും. ഇവയെല്ലാം നല്‍കുന്നത് ദുസൂചനകളെയാണ്. ഇന്ത്യാരാജ്യത്തെ ജനങ്ങളുടെ ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായപ്രകടനമാണ് ‘എന്റെ’ ഭരണ നേതൃത്വത്തിന്റെ ശക്തിയെന്ന് അഹങ്കരിക്കുന്ന ഭരണാധികാരി തിരിച്ചറിയേണ്ടുന്ന വസ്തുത, നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന മിക്ക പ്രവൃത്തികളും ഇന്ത്യയെന്ന സെക്കുലര്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ് എന്നുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ വിഷയം വളരെ വ്യത്യസ്തമാണ്. രാജ്യത്തെ അടിസ്ഥാന വര്‍ഗമായ കര്‍ഷകരോടുള്ള ചിറ്റമ്മ നയവും ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വിഭാഗീയതയും. കര്‍ഷക തിരസ്‌കാരത്തിനുള്ള തിരിച്ചടി കിട്ടിക്കഴിഞ്ഞുവെങ്കിലും അതിലടങ്ങിയിരിക്കുന്നു ഒളിയജണ്ട വെളിച്ചം കാണാതിരിക്കുന്നേയുള്ളൂ. താനല്ലാത്ത സര്‍വ്വതിനേയും പുച്ഛിച്ചു തള്ളുന്ന പ്രധാനമന്ത്രിക്ക് പുതിയ സാഹചര്യത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.