മുംബൈ: വാഹന ഗതാഗത നിയമലംഘിക്കുന്നവര്‍ക്ക് പ്രത്യേക പോയിന്റുകള്‍ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതനുസരിച്ച് കൂടുതല്‍ പിഴയീടാക്കി വാഹന യാത്ര സുരക്ഷിതമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് പൊതു അഭിപ്രായത്തിനായി ഐ.ആര്‍.ഡി.എ. പ്രസിദ്ധീകരിച്ചു.

വാഹനത്തിനുണ്ടാകുന്ന നാശം, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, നിര്‍ബന്ധിത വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ പ്രീമിയം തുകയില്‍ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗതനിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡ്രൈവര്‍ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.

മദ്യപിച്ച് വാഹനമോടിക്കല്‍ 100, അപകടകരമായ ഡ്രൈവിങ് 90, പോലീസിനെ ധിക്കരിക്കല്‍ 90, അതിവേഗം 80, ഇന്‍ഷുറന്‍സും ലൈസന്‍സും ഇല്ലാതെയുള്ള ്രൈഡവിങ് 70 എന്നിങ്ങനെയാണ് നിയമലംഘനത്തിനുള്ള പോയിന്റുകള്‍

വാഹന ഇന്‍ഷുറന്‍സ് എടുക്കാനോ പുതുക്കാനോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുമ്പോള്‍ ആ വാഹനം മുന്‍കാലത്ത് നടത്തിയിട്ടുള്ള ഗതാഗതനിയമലംഘനങ്ങള്‍കൂടി പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിന് ഐ.ആര്‍.ഡി.എ. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയസംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിനും നിയന്ത്രണത്തിനുമായി ഐ.ആര്‍.ഡി.എ.യുടെ കീഴിലുള്ള ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തും. ഇവര്‍ സംസ്ഥാന ട്രാഫിക് പോലീസുമായും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കണം. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലാകും തുടക്കത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കുക.