തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ,വയനാട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട്.

നീരൊക്ക് കൂടിയതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക് മീറ്റര്‍ ജലം വീതം പുറത്ത് വിടും. നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 775.60 മീറ്ററും. ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിന്റെ താഴ്‌വാരത്തെ കമാന്‍തോട്, പനമരം പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് 25 സെമീ മുതല്‍ 60 സെമീ വരെ ഉയരാന്‍ സാധ്യതയുണ്ട്.

അതേസമയം മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ ഇന്ന് തുറക്കുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. വയനാട് ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായും ഒഴിവാക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.