അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗിന്റെ ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്‌ട്രേഷന്‍ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്‌ട്രേഷന്‍ നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു. പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.