നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി രമ്യ നമ്പീശന്‍. ഒരേ കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലരീതിയിലുള്ള നയങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണ് താന്‍ അമ്മ വിട്ടതെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സദസ്സില്‍ സംസാരിക്കുകയായിരുന്നു രമ്യ.

അമ്മയില്‍ നിന്ന് രാജിവെക്കുമ്പോള്‍ ഏറെ സങ്കടം തോന്നിയിരുന്നു. പ്രഗല്‍ഭരായ ആളുകള്‍ ഞങ്ങളുടെ പ്രവൃത്തി അനിവാര്യമായിരുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുന്നതില്‍ സന്തോഷമുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ആരോപിതനായ വ്യക്തി അതു തെളിയിക്കട്ടെ. ചില അവസരങ്ങളില്‍ പ്രതിഷേധം അനിവാര്യമാണ്. ഞങ്ങള്‍ക്ക് പൊതുജനത്തിന്റെ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലുനടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. രമ്യ നമ്പീശന്‍, ഭാവന, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്.