പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല, യഥാര്‍ഥത്തില്‍ അതനുഭവിച്ചറിയുകയാണ് കേരളീയരിപ്പോള്‍. മരണപ്പെട്ടവന്റെ പോക്കറ്റടിക്കുന്നതിന് തുല്യമാണ് പിണറായി സര്‍ക്കാരിലെ ആരോഗ്യവകുപ്പ് കോവിഡ് മഹാമാരി കാലത്ത് നടത്തിയിരിക്കുന്നത്. ഖജനാവിലെ പണമെടുത്ത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്കീഴില്‍ കേരള സര്‍ക്കാര്‍ വാങ്ങിയ ഗുണനിലവാരമില്ലാത്ത കോടികളുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉപയോഗ്യശൂന്യമായി കിടക്കുകയാണിപ്പോള്‍. അതാകട്ടെ കോവിഡ് കാലത്തെ നേരിടുന്നതിനായി തട്ടിക്കൂട്ടിയ വ്യാജ കരാറുകള്‍ വഴിയും. ഏതാണ്ട് 2000 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമാണ് ആരോഗ്യവകുപ്പിന് കീഴിലെ കെ.എം.സി. സി.എല്‍ വാങ്ങിക്കൂട്ടിയത്. കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് നടന്ന ഈ പകല്‍കൊള്ള ഇടതുസര്‍ക്കാരിന്റെ കൊള്ളരുതായ്മക്ക് മാത്രമല്ല, കൊള്ളക്കും താന്തോന്നിത്തത്തിനും മകുടോദാഹരണമായിരിക്കുന്നു.

അനധികൃതമായി വേണ്ടപ്പെട്ടവരെയും സ്വന്തക്കാരെയും ആരോഗ്യവകുപ്പിന്റെ വിവിധ തസ്തികകളില്‍ തിരുകിക്കയറ്റിയതിന് ഒട്ടേറെ പരാതികേട്ട വകുപ്പുമാണ് ഒന്നാം പിണറായി സര്‍ക്കാരിലേതെങ്കില്‍, കോവിഡിന്റെ മറവില്‍ കോടികള്‍ സ്വന്തക്കാരിലേക്കും പാര്‍ട്ടിക്കാരിലേക്കും കട്ടുകടത്തിയതായാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. 2021 മാര്‍ച്ച്-സെപ്തംബര്‍ കാലയളവിലാണ് ശതകോടികളുടെ വെട്ടിപ്പ് കോര്‍പറേഷനും ആരോഗ്യവകുപ്പും കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. മനുഷ്യര്‍ കോവിഡ് ബാധിച്ചും മരിച്ചും ചികില്‍സക്ക് പണമില്ലാതെയും നട്ടംതിരിയുമ്പോഴായിരുന്നു പിണറായി സര്‍ക്കാരിന്റെ ഈ പകല്‍കൊള്ള. നേരിട്ട് ആളുകളുടെ പോക്കറ്റടിക്കുന്നതിനേക്കാളും ഭീകരമായ കവര്‍ച്ചയാണിതിലൂടെ നടന്നിരിക്കുന്നത്. കോവിഡ് വാക്‌സിന്‍, ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള പി.പി.ഇ കിറ്റ്, ഗ്ലൗസ്, ഫെയ്‌സ്ഷീല്‍ഡ്, മരുന്നുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയാണ് തട്ടിക്കൂട്ട് കമ്പനികളുടെ പേരില്‍ വാങ്ങിയതായി രേഖയുണ്ടാക്കിയിരിക്കുന്നത്. നിശ്ചയിച്ചതിലും ഇരട്ടിവിലക്കാണ് ഇവയില്‍ പലതും വാങ്ങിയിരിക്കുന്നതും. ഉപയോഗയോഗ്യമല്ലാത്തതുകാരണം ഇപ്പോള്‍ കോര്‍പറേഷന്റെ ഗോഡൗണുകളില്‍ കൂട്ടിയിട്ടിരിക്കുകയാണിവയത്രയുമെന്നറിയുമ്പോള്‍ നെഞ്ചുപൊട്ടുന്ന വേദനയാണ് സാധാരണക്കാരും പാവപ്പെട്ടവരുമിപ്പോള്‍ അനുഭവിക്കുന്നത്. വൈദ്യുതി കണക്ഷനില്ലാത്തതുമൂലം പല പിടിപ്പുള്ള ഉപകരണങ്ങളും ഇപ്പോള്‍ തുരുമ്പടിക്കുമെന്ന ആശങ്കയിലാണ്. എന്തിനുമേതിനും കമ്മീഷന്‍ തട്ടാനും പാര്‍ട്ടിയെയും ബന്ധുക്കളെയും വളര്‍ത്താനും സര്‍ക്കാര്‍-ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നതിനുള്ള മികച്ച ഉദാഹരണമായിരിക്കുകയാണ് ആരോഗ്യ വകുപ്പിലെ അഴിമതി. ലോകം വാഴ്ത്തിയതെന്നു പറഞ്ഞ് അവാര്‍ഡുകള്‍ തട്ടിക്കൂട്ടിയ സി.പി.എം വനിതാനേതാവായ ആരോഗ്യമന്ത്രി വകുപ്പ് ഭരിക്കുമ്പോഴാണ് ഇവയത്രയും നടന്നതെന്നത് മറ്റൊരു ഞെട്ടലാണ്.

വാങ്ങിയവയില്‍ ബ്ലീച്ചിങ് പൗഡര്‍ മുതല്‍ 15 ലക്ഷത്തോളം രൂപയുടെ വെന്റിലേറ്ററും 25 രൂപയുടെ ഗ്ലൗസുമെല്ലാമടങ്ങുന്നു. തിരുവനന്തപുരത്തെ കമ്പനി 12.15 രൂപക്ക് നല്‍കാമെന്നേറ്റ ഗ്ലൗസാണ് 24.30 രൂപക്ക് മറ്റൊരു കമ്പനിയില്‍നിന്ന് വാങ്ങിയത്. സര്‍ക്കാര്‍ നിശ്ചയിച്ച 5 രൂപയില്‍ ഇടപെട്ട് ഇരട്ടിയോളം അധികം നല്‍കിയാണ് ഇവയത്രയും വാങ്ങിയിരിക്കുന്നത്. ഇതിനായി 6.07 കോടി രൂപ ഉടന്‍ നല്‍കി. മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ബാക്കി തുക നല്‍കി. ഇതിനൊന്നും കോര്‍പറേഷന്‍ എം.ഡിയുടെയോ ബന്ധപ്പെട്ടവരുടെയോ പക്കല്‍ രേഖകളില്ലെന്നതാണ് അതിലും വിചിത്രം. ആരോഗ്യവകുപ്പില്‍നിന്ന് ഇക്കാലത്ത് കാണാതായ നിരവധി ഫയലുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയിട്ടുണ്ടാകാം. അപ്രത്യക്ഷമായതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ലെന്നര്‍ത്ഥം. 600 കോടിരൂപ ചെലവഴിക്കാന്‍ അധികാരമുള്ള കോര്‍പറേഷന്‍ മരുന്നുകളും ഉപകരണങ്ങളും ശുചീകരണ ഉപകരണങ്ങളും വാങ്ങാനായി 1600 കോടിയിലധികം രൂപയാണ് കോവിഡ് കാലത്ത് ചെലവഴിച്ചിരിക്കുന്നത്. ഇതിന് ടെണ്ടര്‍ ക്ഷണിച്ചിട്ടില്ലെന്ന് മാത്രമല്ല, കരാറുണ്ടാക്കിയ കമ്പനി പോലും ജീവനക്കാരനുമായ ബന്ധമുള്ള കടലാസ് കമ്പനിയാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇക്കാര്യം മുസ്്‌ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ. എം.കെ മുനീര്‍ കോവിഡ് കാലത്ത്തന്നെ നിയമസഭയിലുള്‍പ്പെടെ വിഷയമായി ഉന്നയിച്ചിരുന്നെങ്കിലും അടിയന്തിര ഘട്ടത്തില്‍ അസാധാരണ നടപടി വേണ്ടിവരുമെന്ന് ന്യായീകരിക്കുകയായിരുന്നു മന്ത്രി കെ.കെ ശൈലജയും സര്‍ക്കാരും. നിപ്പ കാലത്ത് വെറും 550 രൂപയുണ്ടായിരുന്ന പി.പി.ഇ കിറ്റിന് 1550 രൂപയാണ് കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കിയത്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഒപ്പോടെ ഇറങ്ങിയ 2020 മാര്‍ച്ചിന് ശേഷമുള്ള പര്‍ച്ചേസ് ഓര്‍ഡറുകളെല്ലാം ഇത്തരത്തില്‍ അഴിമതിയുടെയും വെട്ടിപ്പിന്റെയും കൂത്തരങ്ങാണ്. കോവിഡ് ചികില്‍സക്ക് ജനം സംഭാവന ചെയ്യണമെന്നഭ്യര്‍ത്ഥിച്ചതനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നടക്കം ആയിരത്തോളം കോടിരൂപയാണ് സര്‍ക്കാരിലേക്ക് ഒഴുകിയെത്തിയത്. ആഴക്കടല്‍ മല്‍സ്യബന്ധനവും കോവിഡ് ഡാറ്റാശേഖരണവും കെ റെയിലും ജലപാതയുമടക്കം പിണറായി സര്‍ക്കാരിന്റെ സകല പദ്ധതികളും കമ്യൂണിസ്റ്റുകാര്‍ക്ക് കമ്മീഷനടിക്കാനുള്ളതാണെന്ന് ജനം ധരിക്കുന്നതിനുകാരണം ഇനിയും തിരയേണ്ടതില്ലല്ലോ.