കൊച്ചി: എറണാകുളം ജില്ലയിലെ ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ ഏകദേശം ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്‍ഭാഗത്ത് ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി ജ്വല്ലറി ഉടമ പറയുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നത്. 25 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജ്വല്ലറി ഉടമ ശനിയാഴ്ച വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ജ്വല്ലറിയോട് ചേര്‍ന്ന് സലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പിന്‍വശത്തുള്ള ഭിത്തി തുരന്നാണ് മോഷണ സംഘം അകത്തുകയറിയതെന്നാണ് പൊലീസ് പറയുന്നത്.